Pages

Sunday 12 February 2012

സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രസക്തി
   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തി മലയാള സിനിമയിലും സമൂഹത്തിലും ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അത് നിഷേധിക്കാന്‍ കൊടി കെട്ടിയ സിനിമാക്കര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ
കഴിയില്ല.എന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അവകാശപ്പെടുന്ന പോലെ അദ്ദേഹം മികച്ച സിനിമയാണോ ഉണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിനു അല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
   സന്തോഷ്‌ പണ്ഡിറ്റിന്റെ രംഗ പ്രവേശനത്തിന്റെ യഥാര്‍ത്ഥ പ്രസക്തി മറ്റു ചില കാര്യങ്ങളിലാണ് എന്ന് എനിക്ക് തോന്നുന്നു. സിനിമ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത അദ്ദേഹം ഒരു സിനിമ എടുക്കാന്‍ കാണിച്ച ആത്മ വിശ്വാസം ശ്ലാഘനീയം. കഴിവുള്ള എത്രയോ പേര്‍ ആത്മ വിശ്വാസത്തിന്റെയോ തോലിക്കട്ടിയുടെയോ

കുറവ് കാരണം പരാജയപ്പെട്ടതും തകര്‍ന്നതുമായ കഥകള്‍ എത്ര കേട്ടിരിക്കുന്നു!. കീറാമുട്ടികളെ സമചിത്തത കൊണ്ടും ലാളിത്യം കൊണ്ടും നേരിടാന്‍ പറ്റാത്തത് ഈ തകര്ച്ചകള്‍ക്ക് പിറകിലുള്ള ഒരു കാരണമായി തോന്നുകയാണ്‌. അദ്ദേഹത്തിന്റെ ഇത്തരം കഴിവുകളാണ് സിനിമയെക്കാള്‍ എടുത്തു കാണുന്നത്. ആ തരത്തിലുള്ള കഴിവുകള്‍ അദ്ദേഹത്തിന് ശരിക്കും

മുതല്‍ക്കൂട്ട് തന്നെയാണ്. കമ്പോള വത്കരണത്തിന്റെയും കുത്തകകളുടെയും ഈ കാലത്ത് കലാ പരമായി വളരെ മികച്ചത് എന്ന ഒരു ആമുഖം ഇല്ലാതെ തന്റെ പരിമിതികളില്‍ നിന്ന് കൊണ്ടു അദ്ദേഹത്തിന് ശ്രദ്ധ നേടാനായി. പരസ്യ വ്യവസായത്തിന്റെ കാര്യമെടുത്താല്‍ അത് നില നില്‍ക്കുന്നത് തന്നെ ഇത്തരം കഴിവുകളുടെ ബലത്തിലാണ് എന്ന് കാണാം. ശ്രധ്ധിക്കപ്പെടാന്‍

അവര്‍ക്ക് വന്‍ മുടക്ക് മുതല്‍ ആവശ്യമായി വരുന്നു. അതെ പോലെ, മാധ്യമ പടയുടെയും സിനിമ പ്രതിനിധികളുടെയും മുന്നില്‍ മുട്ട് മടക്കാതെ ഏകനായി സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇവിടെ അദ്ദേഹം ഒരിക്കലും സ്വന്തം പരിമിതികള്‍ ജാള്യത്താല്‍ മറച്ചു വെക്കുന്നത് കണ്ടില്ല. എന്നാല്‍ ഈ കഴിവുകള്‍ തന്നെയും എത്ര കാലം അദ്ദേഹത്തിനു നില

നിര്‍ത്താന്‍ കഴിയുമെന്നത് കാലവും അദ്ദേഹവും തെളിയിക്കേണ്ടിയിരിക്കുന്നു.
   സിനിമ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സ്വാഭാവികമായി ഒരു പുതു മുഖം സിനിമ പിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഒട്ടനവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തതിനു പുറമേ അദ്ദേഹം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിബന്ധം മലയാളി സമൂഹത്തിലെ വലിയ ഒരു ഭാഗം അദ്ദേഹത്തോട് കാണിച്ച കടുത്ത എതിര്‍പ്പ് ആയിരുന്നു. ചുരുക്കം ചിലര്‍ അദ്ദേഹത്തോട് അസൂയ, അസഹിഷ്ണുത, സ്വഭാവ ഹത്ത്യ തുടങ്ങിയവ ചെയ്തു എന്നും അദ്ധേഹത്തിന്റെ ഒരു മുഖാമുഖത്തില്‍ കണ്ടതായോര്‍ക്കുന്നു. സമൂഹം വിഡ്ഢികളല്ല, സിനിമയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന പലതും കിട്ടാതാവുമ്പോള്‍ സമൂഹം പ്രതികരിക്കുന്നു. അത് ഒരു വ്യക്തിക്കും തള്ളിക്കളയാന്‍ പറ്റില്ല.സമൂഹത്തിന്റെ പ്രതികരണം അളന്നു തൂക്കി വിലയിരുത്താന്‍ കാലാ കാലങ്ങളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് പോലും കൃത്ത്യമായി സാധിക്കാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ സമൂഹം സൂക്ഷ്മമായോ സ്ഥൂലമായോ വിലയിരുത്തി എന്ന് വേണം അനുമാനിക്കാന്‍. പല എതിര്‍പ്പുകള്‍ അദ്ദേഹം നേരിടേണ്ടി വന്നുവെങ്കിലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ ആകെത്തുക പ്രതീക്ഷിക്കാത്ത വണ്ണമുള്ള ഒരു പ്രോത്സാഹനം ആയിരുന്നു എന്നാണ് നമ്മള്‍ കണ്ടത്. 
  കലാമൂല്യം വച്ചളന്നു നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സിനിമ വലിയ സ്ഥാനമൊന്നും അര്‍ഹിക്കുന്നില്ല. കലാ മൂല്യത്തിന്റെ അളവുകോല്‍ ആപേക്ഷികമാണ്. ഇവിടെ ഒരിക്കലും ഒരു വിധി കര്ത്താവാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ആ ഒരു നിലയിലുള്ള അറിവോ പാടവമോ ഇല്ല താനും. എന്നാല്‍ ഈ ഒരു പ്രതിഭാസത്തോടുള്ള പ്രതികരണം പ്രകടിപ്പിക്കാന്‍

ആഗ്രഹിക്കുന്നു. മേല്‍ പറഞ്ഞത് പോലെ സമൂഹത്തില്‍ നിന്ന് പ്രോത്സാഹനപരമായ ഒരു സമീപനമുണ്ടായി എന്നത് കൊണ്ടു അദ്ദേഹം ഒരു മികച്ച സിനിമ പ്രവര്‍ത്തകനോ സംവിധായകനോ ആവുന്നില്ല. അതിനു അദ്ദേഹം വീണ്ടും വീണ്ടും കലാമൂല്യമുള്ള നല്ല സിനിമ എടുത്തു വിജയിപ്പിച്ചു കാണിക്കേണ്ടിയിരിക്കുന്നു.
  അദ്ദേഹം ഒരു മാതൃകാ പുരുഷനോ ഒരു നല്ല സിനിമാ സംവിധായകനോ അല്ലായിരിക്കാം. പക്ഷെ  അദ്ദേഹം സമൂഹത്തിന്റെ തണലില്‍ ജീവിതത്തില്‍ ഒരു വളര്‍ച്ചയ്ക്ക് ആത്മാര്‍ഥമായി ശ്രമിച്ച ഒരു വ്യക്തിയാണ്. തെറ്റായ മാര്‍ഗങ്ങള്‍  അവലംബിച്ച്ചതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിജയം ആശയപരമായെങ്കിലും, കഴിവുള്ള പ്രതിഭകളെ തടസ്സങ്ങള്‍ നീക്കി പുറത്ത് വരാന്‍ പ്രേരിപ്പിച്ചേക്കാം. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ നിരാശപ്പെടുത്തുമ്പോള്‍ ന്യായമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക്

പ്രചോദനമായേക്കാം. എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വ്യക്തി ഹത്യ ചെയ്യുന്നതിന് പകരം അര്‍ഹിക്കുന്ന മാന്യതയോടെ ആ പടത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തു തള്ളുകയോ കൊള്ളുകയോ ചെയ്യാമല്ലോ. അതല്ലേ ഒരു ആരോഗ്യമുള്ള സമൂഹത്തിനു അതിലെ വ്യക്തികളോട് ചെയ്യാന്‍ പറ്റുന്ന ഒരു നല്ല കാര്യം?

2 comments:

  1. പ്രിയപ്പെട്ട അപ്പു,
    പ്രതികരണം നന്നായി....!കാര്യ കാരണ സഹിതം വിശദമായി തന്നെ എഴുതി .അഭിനന്ദനങ്ങള്‍..!
    അക്ഷരത്തെറ്റ് ശ്രദ്ധിക്കണം, കേട്ടോ!
    പ്രവാസലോകത്തെ കുറിച്ച് എന്താ,അപ്പുട്ടി,എഴുതാത്തത്?
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      പോസ്റ്റ്‌ വായിച്ചതിനും കമന്റിനും വളരെ നന്ദി. സന്തോഷ്‌ പണ്ഡിറ്റ്‌ കാരണം മറ്റുള്ളവന്റെ ചെറുപ്പം കൊണ്ട് വലുതാവാന്‍ വെമ്പുന്ന ഒരു സമൂഹ മനശ്ശാസ്ത്രം ചൂണ്ടിക്കാണിക്കപ്പെട്ടു എന്ന് തോന്നി. അനുബന്ധമായി വന്ന ചില ചിന്തകള്‍ എഴുതി. പ്രവാസ ലോകത്തെ പറ്റി എഴുതണമെന്നുണ്ട് അനു. മനസ്സ് പച്ചക്കൊടി കാണിക്കുമ്പോള്‍ കുറച്ചു കാല്പനികമായും കുറച്ചു വിവരണങ്ങള്‍ ആയും ഒക്കെ എഴുതാന്‍ ആഗ്രഹിക്കുന്നു. അനു എവിടെയാണ് ഇപ്പോള്‍? പ്രവാസിയാണെന്ന് ചില സ്ഥലത്തൊക്കെ കണ്ടു. ചിലപ്പോ നാട്ടിലാണെന്നു തോന്നാറുണ്ട്. ശിവ രാത്രി കേമമായി അല്ലേ?

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete