Pages

Sunday, 19 February 2012

തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ദിവസം.


അപ്പുവിനു 3 വയസ്സായപ്പോഴാണ്‌ അച്ചാച്ചന്‍ അവനെ നരച്ച രോമങ്ങള്‍ നിറഞ്ഞ മാറിലേക്ക്‌ ചേര്‍ത്തിരുത്തി ഇങ്ങനെ മന്ത്രിച്ചത്.
"മോന്വോ!! ആതിര. "
"ആരാ അച്ചാച്ചാ? "
"ശോഭയുടെ കുട്ടി. വാവ. ആതിര. ബഹറിനിലാണ്. "
ആതിര. അതെങ്ങനെയിരിക്കും? എന്തോ. വാവ... വാവേ.
"അച്ചാച്ചാ വാവ എപ്പോഴാ വര്വാ?"
"ഓള് വരും. ശോഭയുടെയും വല്‍സന്റെയും കൂടെ വരും. പ്ലയിനില്."
"അച്ചാച്ചാ പ്ലയിന്‍ ചെറുതല്ലേ? അതിലെങ്ങനെയാ വര്വാ? താഴെ വീഴൂലെ?"
"അവര് വരുമ്പോ നമ്മക്ക് പോണം. വിമാനത്താവളത്തില്‍. അപ്പൊ പ്ലയിന്‍ കാണാം."
"മോന്വോ ഉറക്കം വരുന്നെങ്കില്‍ അകത്തു പോയി കിടന്നോ. "
എന്നാല്‍ അവനു അച്ചാച്ചന്റെ വര്‍ത്തമാനം കേട്ട് കിടക്കണം. തല മെല്ലെ ചെരിച്ചു അച്ചാച്ചന്റെ ചുറ്റിപ്പിടിച്ച കൈ ഇത്തിരി വിടുവിച്ചു കൈകള്‍ക്കിടയിലേക്ക്നൂണ്ടു വെള്ള മുണ്ടുടുത്ത മടിയില്‍ കിടക്കുവാന്‍ തുടങ്ങുമ്പോള്‍
"മോന്വോ മെഴുക്കാകും, തുണിയില്..."
അച്ഛച്ചനും അമ്മമ്മയും ചില ആന്റിമാരും ആപ്പന്മാരും മുണ്ടിനു തുണി എന്നാണ് പറയുന്നത്.
അച്ചനും അമ്മയും മുണ്ട് എന്നേ പറയാറുള്ളൂ.
"വൈശ്യരേ!! മോനെന്താ പറയുന്നത്? ഞാന്‍ ഇങ്ങനെ കേട്ടോണ്ട്‌ വരുവായിരുന്നു. മണിയെത്രയായി?  ബാങ്ക് വിളിച്ചോ?"
വൈദ്യരായി കുറച്ചു കാലം ജോലി നോക്കിയിരുന്ന അച്ചാച്ചന്‍ പലര്‍ക്കും 'വൈശ്യര്‍' ആണ്. കുറച്ചു ദൂരെയുള്ള പള്ളിയിലെ
ബാങ്ക് വിളികേട്ടും സൂര്യ പ്രകാശം എത്ര ദൂരം കോലായിലേക്ക് കേറി എന്നും നോക്കി സമയം കണക്കാക്കാന്‍ കഴിഞ്ഞിരുന്ന
ഒരു തലമുറ. വൈകുന്നേരം നാല് മണിയൊക്കെ ആവുമ്പോ "നേരം കോലായില്‍ കേറി" എന്നാണ് പറയുക.
"നാണീ!! കാടി വെള്ളം അപ്പുറത്തുണ്ട്. നിന്റെ കണ്ണട മാറ്റാന്‍ പോയിട്ട് മാറ്റിക്കിട്ടിയോ?"
"ഇല്ല കൃഷ്ണാട്ടാ. ഡോക്ടര്‍ കണ്ണിലോഴിക്കാന്‍ ഒരു മരുന്ന് തന്നു. അടുത്തയാഴ്ച ഒന്നും കൂടി പോവാന്‍ പറഞ്ഞു"
അപ്പു അടുക്കളയിലേക്കോടി. ചില സംശയങ്ങള്‍ അമ്മമ്മയോടു തന്നെ ചോദിക്കണം.
"അമ്മമ്മേ അച്ചാച്ചന്റെ പേര് കൃഷ്ണാട്ടന്‍ എന്നാണോ? നാണിഏടത്തി അങ്ങനെ വിളിച്ചല്ലോ."
"ഉം. അപ്പുറത്തെങ്ങാന്‍ പോയി കളിച്ച്ചാട്ടെ"
എന്നാ പിന്നെ ഞാനിപ്പോ കാണിച്ചു തരാം. ഉച്ചയ്ക്ക് ചോറ് തിന്നാന്‍ വിളിച്ചാല്‍ ഞാന്‍ വരില്ല.
വടക്ക്വോറത്ത് മുറ്റത്ത് പൂച്ച ഇരിക്കുന്നു. ഇന്ന് അതിനെ ഞാന്‍ പിടിക്കും. എന്നിട്ട് വേണം അവന്റെ പേടി മാറ്റാന്‍. അവന്‍ എന്നേ കാണുമ്പോ ഓടിക്കളയും. പതുങ്ങി തൊട്ടടുത്തോളം എത്തിയതാണ്. അവന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും. ഒരൊറ്റ ഓട്ടം. പിന്നാലെ ഓടി. അവന്‍ ആ പിലാവിന്റെ അരികിലൂടെ കോട്ടയിലേക്ക് ഓടി. അവിടെ അവന്റെ മറ്റൊരു താവളമാണ്. അയലത്തെ കുമാരേട്ടന്റെ വീടിനെ എല്ലാരും കോട്ട എന്നാണ് പറയുന്നത്. ചെത്ത്കാരന്‍ പ്രസാദേട്ടനും അജിയേച്ചിയും വനജേച്ചിയും പ്രീതേച്ചിയും ഒക്കെ അവിടെയാണ്. ഒരു കല്ലെടുത്ത് എറിഞ്ഞു. കൊണ്ടില്ല. അല്ലേലും ആവശ്യം വരുമ്പോ അങ്ങനെയാ. എന്നാലും കഴിഞ്ഞ ആഴ്ച്ച ഏട്ടന്റെ നേരെ എറിഞ്ഞ കല്ല് കൃത്യം തലയ്ക്കു തന്നെ കൊണ്ടു. പിന്നെന്തൊരു പുകിലായിരുന്നു. ഇനി എന്താ ചെയ്യുക. പൂച്ചയും പോയി. അച്ചാച്ചനും തന്നെ തേടി ഇറങ്ങിയിട്ടുണ്ട്.
"മോന്വെ ആ തെങ്ങിന്റെ ചോട്ടീന്ന് മാറി നില്‍ക്ക്. തേങ്ങ വീഴും".
വലിയ പറമ്പിന്റെ അറ്റത്തുള്ള ഇട വഴിയിലൂടെ ഒരു കാര്‍ പോയി. ഞാന്‍ വെലുതാവുമ്പോ പോലീസ് കാരനാവും. പോലീസ്നു ജീപ്പ് ഉണ്ടല്ലോ. കാറിനേക്കാള്‍ നല്ലത് ജീപ്പ് ആണ്.
 "അപ്പൂട്ടി!! വാ മോനെ നമ്മക്ക് ചോറ് തിന്നാലോ" അമ്മമ്മ വിളിക്കുകയാണ്‌. ആ വിളിയും മട്ടുമൊക്കെ കണ്ടപ്പോ നേരത്തത്തെ വാശി മറന്നേ പോയി. നല്ല മീന്‍ കറി ഉണ്ടാവും.
"എന്താ അമ്മമ്മേ കറി?"
"മീനുണ്ട്.  വറവ് ഉണ്ടാക്കിയിട്ടുണ്ട്.പപ്പടം വേണെങ്കില്‍ തരാം. വെയിലത്ത് കളിച്ചു കരുവാളിച്ച് പോയി. ഇനി വെയില് താണിട്ടു കളിക്കനിറങ്ങിയാ മതി. കുറച്ചു സമയം അനങ്ങാണ്ട് ഇരുന്നാട്ടെ."
"അച്ചനും അമ്മയും എപ്പോഴാ വര്വാ അമ്മമ്മേ?"
"സ്കൂള്‍ വിട്ടിട്ടു വരും. പഠിപ്പിക്കാന്‍ പോയതല്ലേ!! മോന്‍ കുളിയൊക്കെ കഴിഞ്ഞു ആ കോണിയുടെ അടുത്ത് പോയിരുന്നോ.തേനാങ്കുളത്തിന്റെ അരികിലൂടെ അമ്മ വരുന്നത് കാണാം."
കല്ല് കൊണ്ടു കെട്ടിയുണ്ടാക്കിയ കോണിയാണ് ആ വലിയ പറമ്പിന്റെ ഒരു അതിര്. താഴെയിറങ്ങരുത് എന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ചിലപ്പോ നാണിഏടത്തി വിളിക്കുമ്പോ പോവാറുണ്ട്. താഴെയുള്ള പൂഴി മണല്‍ വെളുത്ത പഞ്ചാര പോലെ പൊടിഞ്ഞതാണ്. വയലും കുളവും ഒക്കെയായി, കോണിയുടെ താഴെ തനിക്കു മറ്റൊരു ലോകമാണ്. അമ്മയാണ് ആദ്യം വരുക. അമ്മയെ കണ്ടാല്‍ വലിയ സന്തോഷമാണ്. ഓടിപ്പോയി കെട്ടിപ്പിടിച്ചു കൂട്ടിക്കൊണ്ടു വരുമ്പോ അമ്മയ്ക്കും വലിയ സന്തോഷമാണ്. പിന്നെ അച്ചന്‍ വരുമ്പോഴാണ് അടുത്ത സന്തോഷം. പിന്നെ സമയം പോകുന്നതൊന്നും അറിയില്ല. അമ്മമ്മ പറയാറുണ്ട് അച്ചനും അമ്മയും വന്നാല്‍ പിന്നെ നമ്മളെ
വേണ്ട അല്ലേ എന്ന്. കുളിച്ചു കുപ്പായമൊക്കെ മാറി  തേനാങ്കുളവും നോക്കിയിരിപ്പായി അമ്മ വരുന്നതും കാത്ത്.

12 comments:

  1. പ്രിയപ്പെട്ട അപ്പു,
    ഇത് അപ്പുട്ടിയുടെ ബാല്യകാലമാണോ ? ഓര്‍മകളില്‍ മയങ്ങി ഇന്നു അവധി ദിവസം ചിലവഴിച്ചുവോ?എല്ലാവരെയും മിസ്സ്‌ ചെയ്യുന്നുണ്ടാകും,അല്ലെ?
    അമ്മ ടീച്ചര്‍ ആയിരുന്നു...! സ്ക്കൂളില്‍ നിന്നും മടങ്ങുമ്പോള്‍, അമ്മ മുന്‍പില്‍ നടന്നു പോകുന്നത് കണ്ടാല്‍ വലിയ സന്തോഷം ആയിരുന്നു.
    അപ്പു, ഈ പോസ്റ്റ്‌ വലിയ ഇഷ്ടമായി. ഇനി അവിടുത്തെ വിശേഷങ്ങള്‍ എഴുതണം. ഫോട്ടോസ് ചേര്‍ക്കണം.
    ശിവരാത്രി ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      ഇന്നലെ തന്നെ കണ്ടു അനുവിന്റെ കമന്റ്‌. വളരെ നന്ദി അനു. ഒന്ന് പുറത്ത് പോയി വന്നതും ലാപ്ടോപ്പിന്റെ ബാറ്റെറി ചതിച്ചു.
      ഇത് അപ്പുവിന്റെ സ്വന്തം ബാല്യത്തിലെ ഒരു ദിനം. ഓര്‍മകള്‍ക്ക് ഇത്തിരി രൂപ മാറ്റം വന്നിട്ടുണ്ടാവാം. എന്നാലും എത്ര
      കാലം കഴിഞ്ഞാലും നിറം മങ്ങാത്ത ചില ഓര്‍മ്മകളുണ്ടാവുമല്ലോ? ഏതു ഇടര്‍ച്ചയിലും കൈത്താങ്ങാവാന്‍ പോന്നവ.
      ഇങ്ങനെ ചിലത് ഓര്‍ക്കാതെ ഓര്‍മ്മ വരുമ്പോള്‍ ഒരു പുത്തനുണര്‍വ്വ് കൈ വരും. ആ ഓര്‍മ്മകള്‍ക്ക് കാരണക്കാരായവര്‍ക്ക്
      ഇപ്പൊ നന്ദി പറയാനല്ലേ നമ്മളെക്കൊണ്ട് പറ്റൂ. ഫോട്ടോ ഞാന്‍ അടുത്ത് തന്നെ ചേര്‍ത്ത് തുടങ്ങുന്നുണ്ട് അനു.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete
  2. അപ്പൂ .. എന്നേ കണ്ടൂ ഇതില്‍ ..
    പഴയ "കണ്ണനേ " കണ്ടൂ ..
    അമ്മയും അച്ഛനും പോയാല്‍
    അവധി ദിനങ്ങളിലേ ഒരു ദിനം
    അപ്പു വരച്ചിട്ടു മുന്നില്‍ , വരികളിലൂടെ ..
    ഒന്നു നൊന്തു കേട്ടൊ എവിടെയൊക്കെയോ ..
    ചെറുമക്കളില്‍ ഒരുപാട് ഇഷ്ടമായിരുന്നു
    എന്നേ അപ്പുപ്പനും അമ്മുമ്മയ്ക്കും
    ഡിഗ്രീ ഫൈനല്‍ ഇയര്‍ എക്സാം സമയത്ത്
    എന്നേ ഇട്ടേച്ചു പൊയീ അപ്പൂപ്പന്‍ ..
    ഒരു വാക്ക് എന്നോട് പറയാതെ എല്ലാവരും
    എന്നേ കൊണ്ട് പരീക്ഷ എഴുതിച്ചൂ , എന്റേ
    എല്ലാമായിരുന്നു അപ്പൂപ്പനെ ഒരു നോക്കു കാണാതെ
    അഗ്നിക്ക് കൊടുത്തു , എന്നിട്ട് ആരെന്തു നേടീ ..
    ഇന്നുമാ നോവ് എന്റ എതൊണ്ടയില്‍ ഗദ്ഗദ്മായി ഉണ്ട്
    ബാംഗ്ലൂരില്‍ നിന്നും തറവാട്ടില്‍ കാല് കുത്തുമ്പൊള്‍
    ദൂരെന്ന് കണ്ട ബലിപ്പുര, നിലവിളിച്ച് കൊണ്ട്
    ഓറ്റി വന്ന് ചിറ്റ , ........................
    അപ്പൂ .. എന്നേ കരയിപ്പിച്ചു ..
    എഴുതണം ഇനിയുമിനിയും , ഒരുപാട് കേട്ടൊ ..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട റിനി,

      ഈ കൊച്ചു ബ്ലോഗിലേക്ക് സ്വാഗതം. റിനിയുടെ കമന്റുകള്‍ ശരിക്കും എന്റെ മനസ്സില്‍ തൊട്ടു. വാക്കുകള്‍ ഹൃദയ
      സ്പ ര്‍ശിയാവുന്നത് കാണുമ്പോള്‍ ഉള്ളതിലധികം സന്തോഷം സമാനമായൊരു ലോകത്തിന്റെ സമാനമായ വികാര
      വിചാരങ്ങളെ തൊട്ടുണര്‍ത്താന്‍ പറ്റി എന്നറിയുമ്പോള്‍. വളരെ നന്ദി റിനി. എന്തായാലും റിനി ആ ഓര്‍മ്മകള്‍ക്ക്
      കാരണക്കാരായവര്‍ക്ക് ഇപ്പൊ നന്ദി പറയാനല്ലേ നമ്മളെക്കൊണ്ട് പറ്റൂ. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്തതൊന്നും
      പോര എന്ന് തോന്നുന്നത് വലിയ മനസ്സിന്റെ ലക്ഷണമല്ലേ?. സ്നേഹത്തിന്റെ തുലാസ്സു എപ്പോഴും ഒരു ഭാഗം
      താഴ്ന്നെ ഇരിക്കാറുള്ളൂ. തുല്യ അളവില്‍ മടക്കിക്കൊടുക്കാന്‍ പറ്റാത്ത ഒന്ന്. പ്രോത്സാഹനങ്ങള്‍ നന്ദിയോടെ ഏറ്റു
      വാങ്ങട്ടെ.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete
  3. ഇത് ഓര്‍മ്മകുറിപ്പാണോ അപ്പൂ..?
    വരികളിലെ ഫീല്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നു.
    നന്നായി പറഞ്ഞു ട്ടോ .
    സ്നേഹാശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മന്‍സൂര്‍,

      ഈ കൊച്ചു ബ്ലോഗിലേക്ക് സ്വാഗതം. തീര്‍ച്ചയായും മന്‍സൂര്‍, ഇതു മിഴിവാര്‍ന്ന ഒരു ഓര്‍മച്ചിത്രം തന്നെ. എന്നെന്നും
      മനസ്സില്‍ കിടക്കുന്ന ചില നല്ല മുഹൂര്‍ത്തങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നൊരു ചിത്രത്തെ വരികളിലേക്ക് പകര്‍ത്തിയതാണ്.
      ലളിതമെങ്കിലും ആ ഓര്‍മ്മകള്‍ അറിയാതെ കയറി വരുമ്പോള്‍ നല്ലൊരു ഉണര്‍വ്വാണ് മനസ്സിന്. അഭിപ്രായത്തിനും
      പ്രോത്സാഹനത്തിനും വളരെ നന്ദി മന്‍സൂര്‍.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete
  4. ചില ഓർമ്മകൾ അങ്ങനെയാണ് ഒരിക്കലും മങ്ങാതെ മനസ്സിൽ അങ്ങനെ തന്നെയുണ്ടാവും..!
    ഈ എഴുത്ത് ശരിക്കും ബാല്യത്തിലേക്കെത്തിച്ചു..!
    മനസ്സിൽ കിനിയുന്ന മധുരിക്കും ഓർമകളെ അക്ഷരമുത്തുകളാക്കി
    വായനക്കാരിലെത്തിക്കൂ..!
    ഒത്തിരിയാശംസകളോടെ...പുലരി

    ReplyDelete
    Replies
    1. പ്രിയപ്പെട്ട പുലരി,

      ഈ കൊച്ചു ബ്ലോഗിലേക്ക് സ്വാഗതം. പോസ്റ്റ്‌ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഓര്‍മ്മകള്‍ എഴുതി വെച്ച പ്പോള്‍ അവ ഒന്നു കൂടി ബലപ്പെട്ടു. ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ്. ഓര്‍മ്മകള്‍ ഒഴുകിയെത്തുമ്പോള്‍ തീര്‍ച്ചയായും എഴുതുവാന്‍ ശ്രമിക്കും. പ്രോത്സാഹനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി പറയട്ടെ.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete
  5. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാത്ത എഴുത്ത്.
    നന്നായിട്ടുണ്ട്.
    എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട mayflower,

      ഈ കൊച്ചു ബ്ലോഗിലേക്ക് സ്വാഗതം. പ്രോത്സാഹനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി. എഴുതി വച്ചത് നന്നായി എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും സന്തോഷമാണ്. വളരെ നന്ദി.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete
  6. ഇത് പോലെ ജോലി കഴിഞ്ഞു വരുന്ന അമ്മയെയും അച്ഛനെയും കാത്തു നില്‍ക്കുന്ന വൈകുന്നെരങ്ങളായിരുന്നു എന്റെ കുട്ടിക്കാലത്തും. ദൂരെ നിന്ന് അമ്മയുടെ തലവെട്ടം കാണുമ്പോഴേ വഴിയിലേക്ക് ഓടിയിറങ്ങി ചെല്ലുമായിരുന്നു.. അതൊക്കെ ഓര്‍ത്തു.നിറം മങ്ങാത്ത ഓര്‍മ്മകള്‍... ആശംസകള്‍..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അവന്തിക,

      ഈ കൊച്ചു ബ്ലോഗിലേക്ക് സ്വാഗതം. പോസ്റ്റ്‌ ഇഷ്ടപ്പെട്ടുവെന്നും കുട്ടിക്കാലം ഓര്‍ത്തുവെന്നും അറിഞ്ഞു സന്തോഷിക്കുന്നു. ഹൃദയത്തിലുള്ളത്‌ പറയുക, അത് മറ്റുള്ളവരില്‍ പ്രതി ഫലിക്കുമ്പോള്‍ അത് കാണുക
      ഇത് ശരിക്കും സന്തോഷിപ്പിക്കുന്ന കാര്യമാണ്. വളരെ നന്ദി.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete