Pages

Sunday 20 May 2012

കണ്ണൂര്‍ രാഷ്ട്രീയ ബലിയാടുകളെ നിങ്ങള്‍ക്കായി.കൊലപാതകികളെ നിങ്ങള്‍ക്കും..


"വളരെ നല്ല ആളുകള്‍" എന്നാണു കണ്ണൂരിലെ ആളുകളെപ്പറ്റി പറയുക. നല്ലതും ചീത്തയും എല്ലാ നാട്ടിലെയും പോലെ ഇവിടെയും ഉണ്ട്. എന്നാലും രഹസ്യമായി ഏതൊരു കണ്ണൂര്കാരനും ഇതില്‍ അഭിമാനിക്കുന്നുണ്ടാവും. കണ്ണൂരിന്റെ ആയോധന പാരമ്പര്യം, തൊട്ടു കിടക്കുന്ന വടകരയുടെ കളരി പാരമ്പര്യവുമായി ശക്തമായ കടിഞ്ഞൂല്‍ ബന്ധം പുലര്‍ത്തുന്നു. സര്‍കസ്‌,ക്രിക്കറ്റ്,ഫുട്ബോള്‍ തുടങ്ങിയ ആയോധനമാല്ലാത്ത കായികയിനങ്ങളിലും നമ്മുടെ നാട് ശക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
  ഇതൊക്കെയെങ്കിലും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പര ഇന്നും അന്തമില്ലാത്ത ഒരു അനാചാരമായി, ഏതൊരു കണ്ണൂരുകാരന്റെയും ശാപമായി വിടാതെ പിന്തുടരുന്നു.  രാഷ്ട്രീയ മുതലെടുപ്പുകളെപ്പറ്റി അറിയാതെയോ, രാഷ്ട്രീയക്കാരന്റെയും സാധാരണക്കാരന്റെയും ജീവിതത്തെ ഈ സംഭവങ്ങള്‍ എത്ര മാത്രം വ്യത്യസ്തമായാണ് സ്വാധീനിക്കുന്നത് എന്ന് അറിയാതെയോ അല്ല ഇവിടത്തുകാര്‍  വീണ്ടും ഇതിനൊക്കെ ഇരകളാവുന്നത്. പലരും പാര്‍ട്ടിയുടെ പേരില്‍ സ്വന്തം കൂട്ടുകാരനെ ഒറ്റിക്കൊടുക്കുന്നു, പാര്ട്ടികാരന്റെ ഗള്‍ഫില്‍ നിന്ന് വന്ന അനുജന്‍ എതിരാളികളുടെ കത്തിക്കിരയാവുന്നു. പാര്‍ട്ടിയും ആദര്‍ശങ്ങളും താല്‍ക്കാലിക ആവെശമെന്നതിലുപരി, നില നില്‍ക്കുന്നൊരു ചൈതന്യമായി അവരുടെ ജീവിതത്തിലേക്ക്  കടന്നു വന്നു, ശപിക്കപ്പെട്ട നിമിഷങ്ങളില്‍ അതിന്റെ ഒളിപ്പിച്ചു വച്ച കരാള ഹസ്തങ്ങള്‍ നീട്ടി, സ്വന്തം കൂട്ടുകാരനെ കൊല്ലാനോ ഒറ്റിക്കൊടുക്കാനോ തന്നെ പ്രാപ്തനാക്കുമ്പോള്‍ അന്നുവരെ താന്‍ സൂക്ഷിച്ചു പോന്ന മാനുഷികതയും ബന്ധങ്ങളും തകര്‍ന്നു വീഴുന്നത് കാണാന്‍ അവന്റെ കണ്ണുകള്‍ക്ക്‌  തെളിച്ചം പോരാതെ വരുന്നു.
  ആദര്‍ശങ്ങള്‍ ചാലിച്ച വിപ്ലവ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയ പതിനേഴുകാരന്‍ പയ്യന്‍ പാര്‍ടിക്കെതിരെ ഉണ്ടാവാന്‍ സാധ്യതയുള്ള തൊട്ടടുത്ത ആക്രമത്തെ ചെറുക്കാന്‍ കരാടെ പഠിച്ചും ശാഖയില്‍ പോയും തയ്യാറെടുക്കുന്നു. ഗോപിക്കുറിയും, രാഖിയും, ചെഗുവേരയും, നബി വചനങ്ങളും അന്ന് അവന്റെ ആവേശത്തെ ഉണര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് കൊലപാതകം ചെയ്യും മുമ്പ് നാഡികളിലേക്ക്  കുത്തിക്കയറ്റുന്ന മയക്കു വീര്യം അവനുള്ളിലെ തെളിഞ്ഞ അക്രമിയെ മഴുവാല്‍ പഴയ ഒരു കൂട്ടുകാരന്റെ തല വെട്ടി നുറുക്കാന്‍ പ്രാപ്തനാക്കുന്നു.  സമൂഹത്താല്‍ കുറ്റാരോപിതനായി തല കുമ്പിട്ടു നില്‍ക്കുമ്പോഴും സാന്ത്വനമേകുന്ന പാര്‍ടിയെ ഇനി എങ്ങനെ സേവിക്കണം എന്നോര്‍ത്ത്  അവന്റെ രക്തം തിളക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് അവനോര്‍ത്തു,തന്റെ തലേ വര കുറിക്കപ്പെട്ടിരിക്കുന്നു. ഒരു നാള്‍ മറ്റൊരുവന്റെ മഴുവാല്‍, കത്തിയാല്‍, ബോംബാല്‍ കൊല്ലപ്പെടാനുള്ളതാണ് എന്ന സത്യത്തിന്റെ ചൂടും തണുപ്പും അവനെ അലട്ടുന്നില്ല. എന്നാല്‍ തന്റെ വേണ്ടപ്പെട്ടവരെ ഓര്‍ത്തു ഉള്ളു പിടയുമ്പോള്‍ അവന്‍ പ്രതിജ്ഞ ചെയ്യുന്നു അടുത്ത ജന്മത്തില്‍ നന്നായിക്കോളാമെന്നു. ജയിലില്‍ കിട്ടുന്ന രാഷ്ട്രീയ തടവുകാരന്റെ പരിഗണനയും ഉന്നത നേതാക്കള്‍ ജയില്‍ സന്ദര്‍ശിക്കുമ്പോള്‍  ലഭിക്കുന്ന പരിഗണനയും അവന്റെ ലോകത്തിലെ ആഡംഭരങ്ങളാവുന്നു. തന്റെ അനിയന് ദുബായ് എയര്‍പോര്‍ട്ടില്‍ ഒരു ചെറിയ ജോലി തരപ്പെടുത്താന്‍ ഉന്നതനായ രാഷ്ട്രീയ നേതാവ് ശുപാര്‍ശ നടത്തുമ്പോള്‍ കൃതജ്ഞതയാല്‍ കുനിയുന്ന തന്റെ ശിരസ്സിനുള്ളില്‍ ആദ്യം വന്നത് ജീവിതം രക്ഷപ്പെടുന്ന തന്റെ കുടുംബത്തിന്റെ ചിത്രം, ഒപ്പം കോംപ്ലിമെന്റായി പാര്‍ടിയോടുള്ള കൂറ് നേതാവിനോടായി മാറുന്നതിന്റെ ഒരു രേഖാ ചിത്രവും.
 ക്വൊട്ടേഷന്‍ നല്‍കിക്കഴിഞ്ഞു വീട്ടിലെത്തുന്ന നേതാവിന്  രണ്ടു നിമിഷത്തേക്ക് കുറ്റബോധത്തിന്റെ ഒരു നിഴല്‍ തന്നെ പിന്തുടരുന്നോ എന്ന സംശയം. എന്നാല്‍, എല്ലാം പാര്‍ടിക്കു വേണ്ടിയല്ലേ? പിന്നെ കാശും ശുപാര്‍ശയും കൊടുക്കുമ്പോള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന കുറെ ഗുണ്ടകളും. ഓരോരുത്തരുടെയും ജീവിതത്തിനു ഓരോ അര്‍ത്ഥം ഉണ്ട്. അവര്‍ അവരുടെ ഭാഗം അഭിനയിക്കുന്നു. അപ്പൊ പിന്നെ താന്‍ വെറുതെ കുറ്റ ബോധത്താല്‍ പഴഞ്ചനാവാണോ? അല്ലെങ്കിലും തരം കിട്ടിയാല്‍ തലേല്‍ ചവിട്ടാന്‍ നില്‍ക്കുന്ന സഹ നേതാക്കളും കൂടിയല്ലേ തന്നെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്? ഇനി ഇപ്പൊ അതൊക്കെ ആലോചിച്ചു തല പുണ്ണാക്കിയാല്‍ ശരിയാവില്ല. യു എസില്‍ പഠിക്കുന്ന മകന്‍ നാളെ വരുമ്പോള്‍ പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ പോവണം. കൂടെ, കുറെ പരിചയക്കാരെ കാണുകയുമാവാം. ഞണ്ട് കറിയുടെ മണം വരുന്നുണ്ട്. രാത്രി കഴിച്ചു നേരത്തെ കിടന്നാലേ രാവിലെ എണീക്കാന്‍ പറ്റൂ...
"ചൂഷണം ചൂഷിതന്റെ അറിവോടെയും സമ്മതത്തോടെയും മാത്രമേ നടന്നിട്ടുള്ളൂ" എന്ന്  ഒ.വി.വിജയന്‍. എന്നാല്‍ ചില സമയം ചൂഷകനും ചൂഷിതനും മറ്റെന്തോ കൂടി ചേരുമ്പോഴേ ചൂഷണപ്രക്രിയ പൂര്തിയാവുന്നുള്ളൂ എന്ന് തോന്നുന്നു. ആ മൂന്നാമത്തിന്റെ പേര് അജ്ഞതയെന്നോ, അറിവില്ലായ്മയെന്നോ, കാഴ്ചപ്പാടിന്റെ ദോഷമെന്നോ, തലേ വര എന്നോ, ഏത് പേരിട്ടു വിളിക്കണം?