Pages

Tuesday 21 August 2012

അഹങ്കാരി

തല്ലിക്കെടുത്തുക നിങ്ങളെന്നഹങ്കാരത്തെയെന്‍
കൂടപ്പിറപ്പാമൊരു മുന്‍കോപത്തെയും
ചികിത്സ രോഗിക്കല്ല,രോഗത്തിനെന്നാകിലും,
ഒട്ടുമേകല്ലേ ദാക്ഷിണ്യമിവന്‍ ജയിച്ചിടുമാ ക്ഷണം താന്‍.

രാജ്യ നന്മയ്ക്കായ് ത്യജിച്ചിടാമൊരു പ്രവിശ്യയെങ്കില്‍   ,
ത്യജിച്ചിടാം നിങ്ങളിലൊന്നാമെന്നെയും  നന്മയ്ക്കായ്
ഓര്‍ത്തിട ല്ലെയെന്‍ ദുഃഖ കാണ്ഡമല്ലെങ്കിലാളി ക്കുമതു
നിന്‍ വ്യഥകളെ കെടുത്തുമായുള്‍ത്താരിന്‍ സുഗന്ധവും

വിഷം പകര്‍ന്നീടുന്നതെങ്കിലോ തട്ടിയകറ്റുകെന്‍ പൂമ്പൊടി
ഓര്‍ക്ക  നീയെന്നോമലേ, പൂമ്പൊടിയില്ലെങ്കിലില്ലെന്‍ ജീവ സത്യവും
ധിക്കരിച്ചീടാ നിന്‍ പിതൃക്കളെ , നിന്‍ സോദരരെയും,
അലിഞ്ഞിതാ കിടപ്പൂ നിന്‍ സത്യമവരുടെതില്‍

Thursday 16 August 2012

ചോദ്യങ്ങള്‍ മാത്രം ബാക്കി !!!

"മോനൂ അതാണ് മാവില. മോനൂനു പല്ല് തേക്കണോ അതോണ്ട്? നാളെ രാവിലെ അമ്മ പൊട്ടിച്ചു തരുന്നുണ്ട് കേട്ടോ. ". മ്..മ്ഉം. കണ്ണ് തുറന്നതും ബസ്സിന്റെ ഇത്തിരി തുറന്ന ജാലക പാളി വഴി അരിച്ചിറങ്ങുന്ന ഇളം തണുപ്പുള്ള കാറ്റേറ്റു
ജിനുവിന്റെ കാര്‍കൂന്തല്‍ തന്റെ മുഖത്ത്തിങ്ങനെ തത്തിക്കളിക്കുന്നതാണ് കണ്ടത്. കാര്യം ഇവളൊരു കൊച്ചു സുന്ദരി തന്നെ. എന്നാലും നല്ലൊരു സ്വപ്നം മുടക്കിക്കളഞ്ഞില്ലേ? ഇനിയും ഒന്ന് രണ്ടു മണിക്കൂര്‍ ഉണ്ട് ബാംഗ്ലൂര്‍ എത്താന്‍. ചില്ല് കുടം അല്ലെ അടുത്തിരുന്നു ഉറങ്ങുന്നത്? പക്ഷെ അതിന്റെ ഒട്ടും അഹങ്കാരം ഇല്ല കേട്ടോ. ഇന്നലെ ഇവളുടെ കുറെ കൂട്ടു കാരികളെ പടത്തിനു കണ്ടപ്പോള്‍ അവളുമാര്‍ എന്തൊക്കെയോ അടക്കം പറഞ്ഞു അമര്‍ത്തി ചിരിക്കുവാണ്. അപ്പൊ ഈ കാ‍ന്താരി വച്ച് കാച്ചുവാണ്, പയ്യന്‍സിനെ അതിനൊന്നും കൊള്ളില്ലെന്നെ. എന്നിട്ട് ഒരു ആക്കിയ നോട്ടവും. ഇത്തിരി ദൂരത്തായിരുന്നെങ്കിലും, നമ്മക്ക് കാര്യം പിടി കിട്ടി. എടീ മര മാക്രീ.. എന്റെ ചങ്കിലിട്ടു വേണോ ഈ ചവിട്ടു നാടകം എന്ന് ചോദിക്കണമെന്ന് വിചാരിച്ചതാണ്. എല്ലാരുടെയും മുന്നില്‍ വെച്ചായ കാരണം വെള്ളം തൊടാതെ വിഴുങ്ങി. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ.
      ഇനി രണ്ടു മാസം കഴിഞ്ഞാല്‍ പരീക്ഷയായി, പിരിഞ്ഞു പോകലിന്റെ ബഹളമായി. പ്ലേസ്മെന്റു കിട്ടിയവര്‍ക്കാണ് ഏറ്റവും വലിയ ഉത്സാഹം. ബ്രാന്‍ഡ്‌ കമ്പനികളുടെ ടി-ഷര്‍ട്ട് ഇട്ടാണ് പലപ്പോഴും ക്ലാസ്സില്‍ വരുന്നത് തന്നെ. അവര്‍ ഇന്നേ കുട്ടി കോര്‍പറേറ്റ്കള്‍ ആയി മാറി കഴിഞ്ഞു. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാത്തിനും കാണാം ഒരു സൂക്ഷ്മ ചൈതന്യം.
ഇന്നേ വരെ ശ്രദ്ധയില്‍ പെട്ടില്ലല്ലോ. ചിലപ്പോ ജോലി കിട്ടാന്‍ പോവുമ്പോള്‍ വരുന്ന ഒരു പ്രത്യേക തരം ഐശ്വര്യം ആവും. "ഡേയ്, എന്തുവാടെ ചുമ്മാ അസൂയപ്പെടുന്നത്.." ഉള്ളിലിരുന്നു നമ്മുടെ സ്വന്തം ആത്മ വിമര്‍ശകന്‍ സഖു കുട്ടന്‍. എല്ലാം കോമ്പ്രമൈസ് ആക്കി മച്ചൂ. നമ്മക്കുള്ളത് നമ്മുടെ കൈയിലെത്തും. അതും പറഞ്ഞു  "വാസുടി" യിലേക്ക് കയറി സ്റ്റൂള്‍
വലിച്ചിട്ടിരുന്നു ഒരു ചായ പറഞ്ഞു. മൂപ്പരുടെ ഗൌരവ ഭാവത്തിലുള്ള സൌഹൃദ പ്രകടനം ഒരു നല്ല നാടന്‍ വ്യക്തിത്വത്തിനു അടിത്തറയിടുവാന്‍ പോന്നതാണ്.വാസുവേട്ടന്റെ മുപ്പത്തഞ്ചു ശതമാനം നരച്ച താടിക്ക് ഒരു വല്ലാത്ത ഷേട് ആണ്. ഒരു കാമറ വാങ്ങിക്കുവാണേല്‍ അതുമായി വന്നു വാസുടിയുടെയും  വാസുവേട്ടന്റെയും ഫോട്ടോ എടുക്കണം.
      "ഉണ്ടെയ്‌!!!".... ജോസുവാണ്. വളരെ ഏറെ കഴിവ്‌കള്‍ ദൈവം കൊടുത്തിട്ടുള്ള എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. സിഗരറ്റിന്റെ
കട്ടിയുള്ള മണം എപ്പോഴും തങ്ങി നില്‍ക്കുന്ന അവന്റെ മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരി ഉണ്ടാവും. അത് കാണുമ്പോള്‍ ആരും പറയില്ല എത്ര മാത്രം അവന്‍ സങ്കീര്‍ണമാണ് അവന്റെ ചിന്തകള്‍ എന്ന്. വാസുടിയില്‍  നിന്ന് ദൂരെ കാണുന്ന കെട്ടിടത്തിന്റെ ജനാലയ്ക്കല്‍ കണ്ണും നട്ട് എന്റെ ജോസു മണിക്കൂറുകളോളം ഇരിക്കുമത്രേ. ഇടയ്ക്ക് ഞാനും കണ്ടിട്ടുണ്ട്. അവിടെയാണ് അവന്റെ  'മാലിനി' ഒഴുകുന്നത്‌.അവള്‍ ഒഴുകിയാലും ഇല്ലെങ്കിലും ജോസു ഒരു ചെറു പുഞ്ചിരിയോടെ ഒരു കൈയില്‍ എരിയുന്ന സിഗരറ്റും മറു കൈയില്‍ പകുതി തീര്‍ന്ന ചായ ഗ്ലാസ്സുമായി ഇരിക്കും. ഇടയ്ക്ക് തന്നോട് മാത്രം പങ്കു വെയ്ക്കുന്ന നോവ്‌ ഒരൊറ്റ വാക്യമായി
ഇന്നും തന്റെ മനസ്സില്‍ മുഴങ്ങുന്നു."ഉണ്ടേ  പേടിയാവുന്നെടാ...". അവന്റെ മാലിനി അവനു ഒരിക്കലും കിട്ടില്ലെന്ന് നൂറ്റമ്പത് ശതമാനം ഉറപ്പു അവനു ഉണ്ടായിരുന്നു. അന്ന് താന്‍ അവനോടു സഹതപിച്ചതും ഓര്‍ക്കുന്നു. പാവം. പിന്നീട് താനും ജോസുവും ഫൈസുവും  മാറി മാറി ചെസ്സ്‌ കളിച്ചു ജയിക്കുമ്പോള്‍ നമ്മളൊരുമിച്ചു ഓര്‍ക്കുമായിരുന്നു നാളെ ഒരു ദിവസം നമ്മുടെതാവുമെന്നു. എല്ലാ ദുഖത്തില്‍ നിന്നും അകലെ വിജയത്തിന്റെ വെന്നിക്കൊടി  പാറിക്കുന്ന ഒരു ദിവസം.
     അന്നൊരു "വാലെന്റൈന്‍സ്‌ ഡേ". ഇങ്ങനെയൊരു നശിച്ച ദിവസം തന്റെ ജീവിതത്തില്‍ ഉണ്ടാവുമോ എന്ന്  സംശയിച്ചിട്ടുണ്ട്. വൈകുന്നേരം നേരത്തെ ഹോസ്റ്റലില്‍ എത്തി ചായ ഒക്കെ കുടിച്ചിരിക്കുമ്പോള്‍ ആണ് ഫൈസു ഓടി വന്നു കട്ടിലില്‍ ഇരിക്കുന്നത്. "എന്തെടാ നയിന്‍ മോന്‍!!!" അവനെ ചുമ്മാ തെറി വിളിക്കുമ്പോഴും അവന്‍ തിരിച്ചു തെറി വിളിക്കുമ്പോഴും എന്തോ ഹൃദയത്തിനു ഒരു ലാഘവത്വമേ ഉണ്ടാവാറുള്ളൂ.അവന്‍ ഒന്നും പറയാതെ ഇരിക്കുവാണ്. താന്‍ എന്തോ  ചോദിക്കാന്‍ തുടങ്ങിയതും അവന്‍
ഇടയില്‍ കേറി ഒരു വെടി പൊട്ടിച്ചു. "ഗുണ്‍!!! ജിനു വിനെ നിനക്കിഷ്ടമായിരുന്നു അല്ലെ? " അതിപ്പോ ഇവിടെ പറയാന്‍ കാര്യം
എന്തെ എന്ന് ഞാന്‍ അദ്ഭുതപ്പെടുമ്പോള്‍, ഉര്‍ദു കലര്‍ന്ന അവന്റെ വടക്കന്‍ മലയാളം ഒറ്റ ശ്വാസത്തില്‍ ഒഴുകി. എന്നാല്‍ ആ ഒഴുക്ക് എന്റെ കര്‍ണങ്ങളില്‍ ഒരു ബോംബു പൊട്ടലിനു ശേഷമുള്ള ഒരു നിഷ്ക്രിയത്വം സൃഷ്ടിച്ചതിനാല്‍ ഒരു മരവിപ്പാണോ അതോ ഉലച്ചിലാണോ ഉണ്ടായത് എന്ന് ഓര്‍ക്കാന്‍ വയ്യ.  ചുവന്ന ചുരിദാറുമിട്ടു ലൈബ്രറിയുടെ പുറത്ത് നിന്ന
അവളെ ഫൈസു ചുമ്മാ ഒന്ന് പ്രൊപോസ്‌ ചെയ്തുവത്രേ. അവള്‍ ഉടനെ "യെസ്" പറഞ്ഞുവത്രേ. പിന്നീട് രണ്ടു പേരും കുറെ സംസാരിച്ചു വെന്നും തിരിച്ചു വന്നു ഹോസ്റ്റലില്‍ എത്തിയപ്പോളാണ് തനിക്കു ജിനുവിനോടുള്ള "ഹൃദയ വേദന" അവന്‍ അറിഞ്ഞതുമത്രേ. തന്റെ വായില്‍ നിന്നും "ഫൈസു എന്നാലും നീ!!!" എന്നോ മറ്റോ പുറത്ത് വന്നുവത്രേ. ബാക്കിയെന്തോക്കെയാണ് താന്‍ പറയാതെ വിഴുങ്ങിയതെന്നു ഓര്‍ക്കുന്നില്ല. താന്‍ പഠിച്ച ഫിസിക്സിലോ മെക്കാനിക്സിലോ ഇലക്ട്രോണി ക്സിലോ എന്തിനു ഷേക്ക്‌ സപിയര്‍ കാവ്യങ്ങളിലോ തനിക്കു തന്നെയും ജിനുവിനെയും കണ്ടെത്താനായില്ലല്ലോ എന്നതാവണം തന്നെ പിന്നീടുള്ള ദിവസങ്ങളില്‍ ഏറെ
ദുഖിപ്പിച്ചത്. തന്റെ ദുഖത്തിന്റെ "രസകരമായ" ഭാവപ്പകര്‍ച്ച കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ താനും.
     പിന്നീടുള്ള ദിവസങ്ങളുടെ പോക്ക് തീര്‍ത്തും യാന്ത്രികമായിരുന്നു. ജിനുവിനും കിട്ടി പ്ലേസ്മെന്റ്. താനും പറഞ്ഞു "കണ്‍ഗ്രാട്സ്!!!"
അമ്പലത്തില്‍ പോവുമ്പോള്‍ ദൂരെ നിന്ന് ജിനു കൈ ഉയര്‍ത്താതെ 'ടാറ്റ' കാണിക്കും പോലെ കൈ വീശും. താന്‍ ചിരിക്കും. പരീക്ഷയ്ക്ക്
വേണ്ടി കോളേജു അടച്ചത്തിന്റെ പിറ്റേന്ന് കാലത്ത് അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു അവള്‍ ഫൈസിയുടെ കൂടെ ട്രെയിന്‍ കയറി നാട്ടിലേക്ക്. താന്‍ സഖു കുട്ടനോട് പറഞ്ഞു "നിനക്ക് നീയെ ഉള്ളൂ". സഖു കുട്ടന്‍ ഒന്നും  പറഞ്ഞില്ല.
    ജോലി കിട്ടി ഹൈദരാബാദില്‍ പോയി ഒരിക്കല്‍ ഇരിക്കപ്പൊറുതിയില്ലാതെ ജിനുവിനെ വിളിച്ചു. ചുമ്മാ സംസാരിച്ചു അവസാനം ഫോണ്‍ വെക്കാന്‍ പോവുമ്പോള്‍ അവള്‍ പറഞ്ഞു "നാട്ടിലെത്തിയാല്‍ വിളിക്കണം".
ഹൃദയം അന്ന് ഒരു മിടിപ്പ് കുറച്ചേ മിടിച്ചുള്ളൂ.  അവധിക്കു നാട്ടില്‍ വന്നു തിരിച്ചു പോരാന്‍ നേരം അവസാനമായി ചാറ്റ് റൂമില്‍ കയറിയപ്പോള്‍
അവിടെ ജിനു!!!. എന്തേ വിളിക്കാഞ്ഞതു എന്ന് ചോദിച്ചപ്പോള്‍ "അവധിക്കു വന്നപ്പോള്‍ കുടുംബക്കാരെയൊക്കെ കണ്ടു തിരക്കായിപ്പോയി" എന്ന് പറഞ്ഞു. അപ്പോഴും എരിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത സന്ധ്യ വിളക്കിലെ തീ തന്നെ നോക്കി എന്തോ പറഞ്ഞോ? പക്ഷെ താന്‍ ഒന്നും കേട്ടില്ലല്ലോ. പിന്നീട് ബസില്‍ ഇരിക്കുമ്പോള്‍, താന്‍ എന്തെങ്കിലും ഒരു വാക്ക് കൂടി മിണ്ടിയിരുന്നെങ്കില്‍
അവള്‍ എന്ത് പറഞ്ഞേനെ എന്നായിരുന്നു ചിന്ത മുഴുവന്‍. അതേതായാലും തിരിച്ചെത്തി രണ്ടു മാസത്തിനുള്ളില്‍ അവളുടെ കോള്‍ വന്നു. "എന്റെ കല്യാണമാണ്...വരണം". അവളുടെ ശബ്ദം വിറയ്ക്കുന്നതെന്തേ എന്ന് ചോദിച്ചപ്പോള്‍ "ഞാന്‍ ഒരു ഓട്ടോവിലാണ്" എന്ന മറുപടി. കല്യാണം വിളിക്കാന്‍ എന്തിനാ ഓട്ടോവില്‍ കയറിയത് എന്ന് ചോദിച്ചപ്പോള്‍
ഫോണ്‍ കട്ട്‌ ആയി. ഒരു നൂറു നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം ബാക്കിയാക്കി ഫോണിലോ ചാറ്റ് റൂമിലോ,സുക്കെര്‍ബെര്‍ഗിന്റെ ഫേസ്ബുക്കിലോ തന്റെ ചോദ്യങ്ങള്‍ക്ക് പോലും അവസരം തരാതെ ഇന്നും അവള്‍.