ചക്രവാളം. ചിലരുടെ ജീവിതം എന്ത് മാത്രം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. തോണിക്കാരൻ വിജയേട്ടൻ എന്നും മദ്യത്തിൽ മുങ്ങിക്കുളിച്ചു മാത്രമേ ഓർക്കാൻ പറ്റുന്നുള്ളൂ. പീച്ചാളികൾ എന്ന് നമ്മൾ വിളിക്കുന്ന കുഞ്ഞു ഞണ്ടുകൾ ഓടിക്കളിക്കുന്ന തോട്ടുവക്കത്തുള്ള ജാഗ എന്ന് വിളിക്കുന്ന കൊച്ചു കൂരയിലാണത്രെ വിജയേട്ടൻ കുടുംബമായി താമസിച്ചിരുന്നത്. നമ്മുടെ നാട്ടുകാർ ബസ് ക്ഷാമം കാരണം വിജയെട്ടൻ്റെയോ അല്ലെങ്കിൽ കോയിപ്പറമ്പ് എന്ന് വിളിക്കുന്ന കടത്തോ കടന്നാണ് യഥേഷ്ടം ബസുകൾ പിടിച്ചു അവരവരുടെ ജീവിതത്തിൻ്റെ സമയ നിഷ്ടകളോട് നീതി പുലർത്തിയത്. രാവിലെയും വൈകിട്ടും ആണ് വിജയെട്ടനു കോളു കിട്ടുന്നത് എന്നാണ് അച്ഛനും മറ്റു മുതിർന്നവരും വിജയെട്ടനോടുള്ള നർമ സംഭാഷണത്തിൽ പറയാറ്. എന്നാൽ നർമവും ചിരിയും ഒട്ടും ചോരാതെ മാഷേ ഒരു അമ്പത് രൂപ അല്ലെങ്കിൽ നൂറു രൂപ കടം നോട്ടെ എന്ന് പറയുമ്പോ എവിടെയോ ഒരു പിടച്ചിൽ, ഒരു ദൈന്യതയുടെ നോട്ടം ഓളം വെട്ടി. നർമം ഒട്ടും ചോരാതെ, നിനക്ക് പട്ട അടിച്ചു വല്ലെടത്തും വീണുരുളാനല്ലെ, എന്നിട്ട് നമ്മൾ തോണിയും നോക്കി ഒരു മണിക്കൂർ ഇവിടെ നിക്കണം എന്നൊക്കെയുള്ള കുറ്റപ്പെടുത്തലോടെ, പോക്കറ്റിൽ നിന്ന് രൂപ എടുത്തു കൊടുക്കുന്ന അച്ഛൻ്റെ രൂപം അൽഭുതത്തോടെയും അഭിമാനത്തോടെയും രോമാഞ്ചതോടെയും ഇന്നും ഓർക്കാൻ പറ്റും.
പുഴയ്ക്കു അതിരിടുന്ന തെങ്ങുകൾ നിര നിരയായി പുഴയ്ക്കൊപ്പം വളഞ്ഞു പുളഞ്ഞു ഏതോ ചക്രവാളത്തിൽ ചെന്ന് അലിഞ്ഞു ചേരുന്നത് സായാഹ്ന സൂര്യൻ്റെ തളർന്ന വെയിൽ വകവെക്കാതെ വിജയെട്ടൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ വിജയെട്ടൻ്റെയും ചക്രവാളം അങ്ങ് ദൂരെ യാണെന്ന് തോന്നി. ഒരു നെട് വീർപ്പു മൂപ്പരുടെ ശ്വാസകോശങ്ങളിലൂടെ പുറത്ത് വന്നു അലിഞ്ഞില്ലാതായത് മൂപ്പര് പോലും അറിഞ്ഞ ലക്ഷണമില്ല. തോണി ഇറങ്ങി, വീടെത്താൻ ആഞ്ഞാഞ്ഞു നടക്കുമ്പോൾ വിജയേട്ടൻ മാറി വൈകിട്ടത്തെ കളി, ചായ, കടി എന്നിവയിലേക്ക് ചിന്തകൾ വഴി മാറിയിരുന്നു. വിമതർ ചേർന്ന് ഫൈവ് സ്റ്റാർ ക്ലബ് വിഘടിപ്പിച്ച് ഗോൾഡൺ ക്ലബ്ബ് ഉണ്ടാക്കിയതും, അവരെ ഒരു മാച്ചചിന് പൊട്ടിച്ചതും അവരെ ചില്ലറയല്ല അലട്ടിയത്. കാണാതായ ബാറ്റ്, കള്ളന്മാർ എടുത്ത് കാണും എന്നു പറഞ്ഞതും, അവരുടെ ക്യാപ്ടൻ ആ ബാറ്റ് തപ്പി കണ്ട് പിടിച്ച് എടുത്ത് സ്ഥലം വിട്ടതും അവരുടെ പരാജയം മികച്ചതാക്കി മാറ്റി. വിമത നിരയിൽ പെട്ട ഞാൻ ഫൈവ് സ്റ്റാറിൻ്റെ ഒരു നോട്ട പുള്ളി ആയിട്ടുണ്ട്. ഇനി ഇപ്പൊ ഏതെങ്കിലും ഒരു ടീമിൻ്റെ കൂടെയെ നിക്കാൻ പറ്റൂ.
തൻ്റെ ചക്രവാളം തന്നെ ആദ്യമായി മാടി വിളിച്ചത് പണ്ടെങ്ങോ അമ്മയുടെ കൈയും പിടിച്ചു നാട്ടിലെ അമ്പലത്തിലേക്ക് വരമ്പും വെള്ളക്കെട്ടും കടന്നു തോണി കേറി പോയി തിരിച്ചു വന്നപ്പോളാവണം. പുഴയും കടന്ന് പോവുമ്പോൾ ചക്രവാളതിൻ്റെ അരികുപ റ്റിയുള്ള ഏതോ വിദൂര ക്ഷേത്രത്തിലേക്ക് പോവുന്നു എന്നാണ് സങ്കൽപിച്ചത്. അവിടെ എത്തിയിട്ടും ദൂരങ്ങൾ വ്യാപിച്ചു കിടക്കുന്ന വയല്പരപ്പും മരങ്ങളും കൂടെ ഇളം പച്ചയും കടും പച്ചയും കറുപ്പും കലർത്തി എൻ്റെ അന്നത്തെ ചാക്രവാള സീമകൾ മനോഹരമായി അലങ്കരിച്ചിരുന്നു. കൊക്കുകൾ കൂടണയാൻ പോവുന്നത് പോലും ഭാവിയിലെന്നോ താനുമായി ബന്ധപ്പെട്ട് കിടക്കാൻ പോവുന്ന ഏതോ സ്ഥലത്തേക്കാണെന്നാണ്
തോന്നിയത്.
പിന്നീട് കൊഴിഞ്ഞു പോയ എത്രയോ സായാഹ്നങ്ങൾ, ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യാത്ര പറച്ചിൽ ഒക്കെ ഏതൊക്കെയോ ചക്രവാള സീമകളിലേക്കുള്ള ക്ഷണക്കത്ത് ഏൽപ്പിച്ചു പോയതായി സങ്കൽപ്പിച്ച് മനസ്സിനെ സ്വസ്ഥമാക്കി. എന്തു കൊണ്ട് വൈകുന്നേരങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവുകൾ ഒട്ടൊരു ഉന്മേഷം തന്നു. പക്ഷേ കോളേജ് വിദ്യാഭ്യാസകാലത്തും അതിനു ശേഷവും ഒട്ടു മിക്ക സൂര്യാസ്തമയം തനിക്ക് അന്യമായ എന്തൊക്കെയോ ആണ് കാണിച്ചു തന്നത്. അവിടെയൊന്നും ക്ഷണക്കത്ത് പോയിട്ട് പ്രതീക്ഷയുടെ തിരിനാളങ്ങൾ പോലും കണ്ടെത്താൻ പാടു പെട്ടു, പലപ്പോഴും. ആർക്കും ആരെയും കാത്തു നിൽക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു മാന്ത്രിക കുതിപ്പാണോ അതു?യാന്ത്രികതയോ കർത്തവ്യ ബോധമോ എന്തൊക്കെയോ കൂടെ അതിൻ്റെ ഇടയിലൊക്കെ ഉണ്ടായിരുന്നിരിക്കണം. തീക്ഷ്ണ യൗവനം കടന്നു വരേണ്ട സമയം സ്വച്ചത പ്രതീക്ഷിക്കാൻ പാടില്ലായിരിക്കാം. കലുഷിതമായ ചക്രവാളങ്ങൾ യുദ്ധക്കളത്തിലേക്കുള്ള പെരുമ്പറയാണോ അപ്പോൾ മുഴക്കിയത് എന്ന് തോന്നി.
വിദേശ യാത്ര നടത്താനുള്ള സാധ്യത തെളിഞ്ഞപ്പോൾ തൻ്റെ ചക്രവാൽമാണോ മാടി വിളിക്കുന്നതെന്ന് പലകുറി ചിന്തിച്ചുറപ്പിച്ചു. ആവാം ellaa സാധ്യതയുമുണ്ട്. നമ്മുടെ പോളോ ആശാൻ പറഞ്ഞത് വെച്ച്, ആരൊക്കെയോ conspiracy നടത്തി നമ്മളെ അങ്ങെത്തിക്കും എന്നാണല്ലോ. എന്നാ പിന്നെ പോവുഅന്നെ.
കിഴക്കിൻ്റെ വിളി, ഉദയ സൂര്യൻ്റെ നാട്. ചൈനയൊ ജപ്പാനോ, എന്നോ താൻ പോലും അറിയാതെ ഏതൊക്കെയോ ഫോട്ടോകളുടെ രൂപത്തിലും സംഗീതത്തിൻ്റെ രൂപത്തിലും മനസ്സിൽ കോറിയിട്ട എന്തൊക്കെയോ അടയാളങ്ങൾ തൻ്റെ മനസ്സിൽ കിടക്കുന്നു എന്നത് വളരെ അൽഭുതത്തോടെയാണ് മനസ്സിലാക്കിയത്. കിഴക്കിലേക്ക് അടുക്കും തോറും ആ അടയാളങ്ങൾ തന്നിൽ കിടന്നു ചിലമ്പാൻ തുടങ്ങിയിരിക്കുന്നു എന്നത് കൗതുകത്തിന് മോടി കൂട്ടി.
അധ്വാനത്തിൻ്റെ ദിനങ്ങൾ ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി. രാത്രി 12 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുന്നത് ഒരു ദിന ചര്യ പോലെയായി. ഇങ്ങനെ എല്ലു മുറിയെ ജോലി ചെയ്ത ജനത റിലാക്സ് ചെയ്യാൻ പുലരുവോളം ബീർ പാർലറിലോ ഗെയിമിംഗ് ഹൗസുകളിലോ ചിലവഴിക്കുമത്രേ. മൂന്നു വർഷം താൻ ഇവിടെ നിന്നാൽ ശരിയാവില്ല എന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ സ്ഥിതിക്ക് ഇനി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ബീറോ പുലരുവോളം ഗെയിം കളിക്കുന്നതോ നമ്മക്ക് പറ്റിയ പരിപാടി അല്ല തന്നെ.
ചുറ്റും ഒന്ന് ശ്രദ്ധിച്ചത് അപ്പോളാണ്. ഏറ്റവും പുതിയ gadgetum ലാപ്ടോപ്പും ഇൻ്റർനെറ്റും കിട്ടിയാൽ 24 മണിക്കൂറും റൂമിൻ്റെ ഉള്ളിൽ ഇരിക്കാൻ താല്പര്യപ്പെടുന്നു ഒരുത്തൻ. ജപ്പാൻകാർ ആയ സുഹൃത്തുക്കളോടൊപ്പം ക്ലബ്ബുകളും വീടുകളും കയറിയിറങ്ങി പാർട്ടി നടത്തുന്ന വേരോരുത്തൻ, പ്രാർത്ഥന, കണക്ക് നോട്ടം, ഓസ്ട്രേലിയയിലുള്ള ഗേൾ ഫ്രണ്ട് മായി ചാറ്റിംഗ് ഒക്കെയായി വേറോരുതൻ, അവനെ ഞാൻ കുറ്റം പറയില്ല, കാരണം നന്നായി കുക്ക് ചെയ്തു വിളമ്പി തന്നതിൻ്റെ നന്ദി. എന്തൊക്കെയായാലും ലക്ഷണങ്ങൾ ശുഭകരമല്ലാണ്ടായിക്കൊണ്ടിരിക്കുന്നൂ. കാരണം വേറൊന്നുമല്ല, ക്ലച്ച് പിടിക്കുന്നില്ല, സ്റ്റേഷൻ കിട്ടുന്നില്ല എന്നൊക്കെ പറയില്ലേ, അതന്നെ.
എന്നാലും 12 മണിക്ക് വണ്ടിയുമായി വന്നു സ്നേഹത്തോടെ നമ്മളെയൊക്കെ വിളിച്ചു ഭക്ഷണം വാങ്ങിച്ചു തന്നു, തിരിച്ചു വീട്ടിൽ കൊണ്ട് വിട്ട നൊരികോ ചേച്ചി, അവരുടെ ഭർത്താവും നമ്മുടെ മാനേജരും ആയ പ്രഗീത് സാൻ, പിന്നെ അവിടെ എല്ലാ കറക്കങ്ങളും, പാചകം, ടൂറുകൾ ഒക്കെ സജീവമാക്കിയ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഒക്കെ ഒരിക്കലും മറക്കാനാവാത്ത സ്നേഹമുള്ള ഓർമകൾ. പ്രഗീത് സാൻ മുൻ കൈ എടുത്ത് എത്ര എത്ര ടൂറുകൾ പോയിരിക്കുന്നു. എന്നും എല്ലാരോടും സ്നേഹം മാത്രമുള്ള മനുഷ്യൻ.
ഇത്രയൊക്കെയാണെങ്കിലും, തിരിച്ചു പോരാൻ നിർബന്ധിച്ചത് എൻ്റെ ചക്രവാളങ്ങൾ തന്നെ. മാരീചൻ സ്വർണമാനായി വന്നു കൊതിപ്പിച്ചു പോയ പോലെ, എൻ്റെ ചക്രവാളങ്ങൾ നിറവും രൂപവും മാറി. നടക്കാൻ പോയപ്പോൾ കണ്ട് താഴ്വരകൾ, മലയിടുക്കുകൾ ഒക്കെ കിഴക്ക് ദേശത്തിൻ്റെ സ്വത്വം പകർന്നു തന്നെങ്കിലും, അവയിലൂടെ ഞാൻ തിരിച്ചറിഞ്ഞത് എൻ്റെ നാടാണ് എന്നും ഇന്നും എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഒരു വൻ twist ആയിരുന്നു. പോയില്ലേ എല്ലാം. ഇനി എൻ്റെ യഥാർത്ഥ ചക്രവാളം മറ്റെങ്ങോ ആണോ? വീട്, നാട് നൊക്കെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആകർഷണം തോന്നുന്നത് എന്താണാവോ? എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് നാട് പിടിക്കുക തന്നെ...