Pages

Sunday, 19 February 2012

തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ദിവസം.


അപ്പുവിനു 3 വയസ്സായപ്പോഴാണ്‌ അച്ചാച്ചന്‍ അവനെ നരച്ച രോമങ്ങള്‍ നിറഞ്ഞ മാറിലേക്ക്‌ ചേര്‍ത്തിരുത്തി ഇങ്ങനെ മന്ത്രിച്ചത്.
"മോന്വോ!! ആതിര. "
"ആരാ അച്ചാച്ചാ? "
"ശോഭയുടെ കുട്ടി. വാവ. ആതിര. ബഹറിനിലാണ്. "
ആതിര. അതെങ്ങനെയിരിക്കും? എന്തോ. വാവ... വാവേ.
"അച്ചാച്ചാ വാവ എപ്പോഴാ വര്വാ?"
"ഓള് വരും. ശോഭയുടെയും വല്‍സന്റെയും കൂടെ വരും. പ്ലയിനില്."
"അച്ചാച്ചാ പ്ലയിന്‍ ചെറുതല്ലേ? അതിലെങ്ങനെയാ വര്വാ? താഴെ വീഴൂലെ?"
"അവര് വരുമ്പോ നമ്മക്ക് പോണം. വിമാനത്താവളത്തില്‍. അപ്പൊ പ്ലയിന്‍ കാണാം."
"മോന്വോ ഉറക്കം വരുന്നെങ്കില്‍ അകത്തു പോയി കിടന്നോ. "
എന്നാല്‍ അവനു അച്ചാച്ചന്റെ വര്‍ത്തമാനം കേട്ട് കിടക്കണം. തല മെല്ലെ ചെരിച്ചു അച്ചാച്ചന്റെ ചുറ്റിപ്പിടിച്ച കൈ ഇത്തിരി വിടുവിച്ചു കൈകള്‍ക്കിടയിലേക്ക്നൂണ്ടു വെള്ള മുണ്ടുടുത്ത മടിയില്‍ കിടക്കുവാന്‍ തുടങ്ങുമ്പോള്‍
"മോന്വോ മെഴുക്കാകും, തുണിയില്..."
അച്ഛച്ചനും അമ്മമ്മയും ചില ആന്റിമാരും ആപ്പന്മാരും മുണ്ടിനു തുണി എന്നാണ് പറയുന്നത്.
അച്ചനും അമ്മയും മുണ്ട് എന്നേ പറയാറുള്ളൂ.
"വൈശ്യരേ!! മോനെന്താ പറയുന്നത്? ഞാന്‍ ഇങ്ങനെ കേട്ടോണ്ട്‌ വരുവായിരുന്നു. മണിയെത്രയായി?  ബാങ്ക് വിളിച്ചോ?"
വൈദ്യരായി കുറച്ചു കാലം ജോലി നോക്കിയിരുന്ന അച്ചാച്ചന്‍ പലര്‍ക്കും 'വൈശ്യര്‍' ആണ്. കുറച്ചു ദൂരെയുള്ള പള്ളിയിലെ
ബാങ്ക് വിളികേട്ടും സൂര്യ പ്രകാശം എത്ര ദൂരം കോലായിലേക്ക് കേറി എന്നും നോക്കി സമയം കണക്കാക്കാന്‍ കഴിഞ്ഞിരുന്ന
ഒരു തലമുറ. വൈകുന്നേരം നാല് മണിയൊക്കെ ആവുമ്പോ "നേരം കോലായില്‍ കേറി" എന്നാണ് പറയുക.
"നാണീ!! കാടി വെള്ളം അപ്പുറത്തുണ്ട്. നിന്റെ കണ്ണട മാറ്റാന്‍ പോയിട്ട് മാറ്റിക്കിട്ടിയോ?"
"ഇല്ല കൃഷ്ണാട്ടാ. ഡോക്ടര്‍ കണ്ണിലോഴിക്കാന്‍ ഒരു മരുന്ന് തന്നു. അടുത്തയാഴ്ച ഒന്നും കൂടി പോവാന്‍ പറഞ്ഞു"
അപ്പു അടുക്കളയിലേക്കോടി. ചില സംശയങ്ങള്‍ അമ്മമ്മയോടു തന്നെ ചോദിക്കണം.
"അമ്മമ്മേ അച്ചാച്ചന്റെ പേര് കൃഷ്ണാട്ടന്‍ എന്നാണോ? നാണിഏടത്തി അങ്ങനെ വിളിച്ചല്ലോ."
"ഉം. അപ്പുറത്തെങ്ങാന്‍ പോയി കളിച്ച്ചാട്ടെ"
എന്നാ പിന്നെ ഞാനിപ്പോ കാണിച്ചു തരാം. ഉച്ചയ്ക്ക് ചോറ് തിന്നാന്‍ വിളിച്ചാല്‍ ഞാന്‍ വരില്ല.
വടക്ക്വോറത്ത് മുറ്റത്ത് പൂച്ച ഇരിക്കുന്നു. ഇന്ന് അതിനെ ഞാന്‍ പിടിക്കും. എന്നിട്ട് വേണം അവന്റെ പേടി മാറ്റാന്‍. അവന്‍ എന്നേ കാണുമ്പോ ഓടിക്കളയും. പതുങ്ങി തൊട്ടടുത്തോളം എത്തിയതാണ്. അവന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും. ഒരൊറ്റ ഓട്ടം. പിന്നാലെ ഓടി. അവന്‍ ആ പിലാവിന്റെ അരികിലൂടെ കോട്ടയിലേക്ക് ഓടി. അവിടെ അവന്റെ മറ്റൊരു താവളമാണ്. അയലത്തെ കുമാരേട്ടന്റെ വീടിനെ എല്ലാരും കോട്ട എന്നാണ് പറയുന്നത്. ചെത്ത്കാരന്‍ പ്രസാദേട്ടനും അജിയേച്ചിയും വനജേച്ചിയും പ്രീതേച്ചിയും ഒക്കെ അവിടെയാണ്. ഒരു കല്ലെടുത്ത് എറിഞ്ഞു. കൊണ്ടില്ല. അല്ലേലും ആവശ്യം വരുമ്പോ അങ്ങനെയാ. എന്നാലും കഴിഞ്ഞ ആഴ്ച്ച ഏട്ടന്റെ നേരെ എറിഞ്ഞ കല്ല് കൃത്യം തലയ്ക്കു തന്നെ കൊണ്ടു. പിന്നെന്തൊരു പുകിലായിരുന്നു. ഇനി എന്താ ചെയ്യുക. പൂച്ചയും പോയി. അച്ചാച്ചനും തന്നെ തേടി ഇറങ്ങിയിട്ടുണ്ട്.
"മോന്വെ ആ തെങ്ങിന്റെ ചോട്ടീന്ന് മാറി നില്‍ക്ക്. തേങ്ങ വീഴും".
വലിയ പറമ്പിന്റെ അറ്റത്തുള്ള ഇട വഴിയിലൂടെ ഒരു കാര്‍ പോയി. ഞാന്‍ വെലുതാവുമ്പോ പോലീസ് കാരനാവും. പോലീസ്നു ജീപ്പ് ഉണ്ടല്ലോ. കാറിനേക്കാള്‍ നല്ലത് ജീപ്പ് ആണ്.
 "അപ്പൂട്ടി!! വാ മോനെ നമ്മക്ക് ചോറ് തിന്നാലോ" അമ്മമ്മ വിളിക്കുകയാണ്‌. ആ വിളിയും മട്ടുമൊക്കെ കണ്ടപ്പോ നേരത്തത്തെ വാശി മറന്നേ പോയി. നല്ല മീന്‍ കറി ഉണ്ടാവും.
"എന്താ അമ്മമ്മേ കറി?"
"മീനുണ്ട്.  വറവ് ഉണ്ടാക്കിയിട്ടുണ്ട്.പപ്പടം വേണെങ്കില്‍ തരാം. വെയിലത്ത് കളിച്ചു കരുവാളിച്ച് പോയി. ഇനി വെയില് താണിട്ടു കളിക്കനിറങ്ങിയാ മതി. കുറച്ചു സമയം അനങ്ങാണ്ട് ഇരുന്നാട്ടെ."
"അച്ചനും അമ്മയും എപ്പോഴാ വര്വാ അമ്മമ്മേ?"
"സ്കൂള്‍ വിട്ടിട്ടു വരും. പഠിപ്പിക്കാന്‍ പോയതല്ലേ!! മോന്‍ കുളിയൊക്കെ കഴിഞ്ഞു ആ കോണിയുടെ അടുത്ത് പോയിരുന്നോ.തേനാങ്കുളത്തിന്റെ അരികിലൂടെ അമ്മ വരുന്നത് കാണാം."
കല്ല് കൊണ്ടു കെട്ടിയുണ്ടാക്കിയ കോണിയാണ് ആ വലിയ പറമ്പിന്റെ ഒരു അതിര്. താഴെയിറങ്ങരുത് എന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ചിലപ്പോ നാണിഏടത്തി വിളിക്കുമ്പോ പോവാറുണ്ട്. താഴെയുള്ള പൂഴി മണല്‍ വെളുത്ത പഞ്ചാര പോലെ പൊടിഞ്ഞതാണ്. വയലും കുളവും ഒക്കെയായി, കോണിയുടെ താഴെ തനിക്കു മറ്റൊരു ലോകമാണ്. അമ്മയാണ് ആദ്യം വരുക. അമ്മയെ കണ്ടാല്‍ വലിയ സന്തോഷമാണ്. ഓടിപ്പോയി കെട്ടിപ്പിടിച്ചു കൂട്ടിക്കൊണ്ടു വരുമ്പോ അമ്മയ്ക്കും വലിയ സന്തോഷമാണ്. പിന്നെ അച്ചന്‍ വരുമ്പോഴാണ് അടുത്ത സന്തോഷം. പിന്നെ സമയം പോകുന്നതൊന്നും അറിയില്ല. അമ്മമ്മ പറയാറുണ്ട് അച്ചനും അമ്മയും വന്നാല്‍ പിന്നെ നമ്മളെ
വേണ്ട അല്ലേ എന്ന്. കുളിച്ചു കുപ്പായമൊക്കെ മാറി  തേനാങ്കുളവും നോക്കിയിരിപ്പായി അമ്മ വരുന്നതും കാത്ത്.

Sunday, 12 February 2012

സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രസക്തി
   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തി മലയാള സിനിമയിലും സമൂഹത്തിലും ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അത് നിഷേധിക്കാന്‍ കൊടി കെട്ടിയ സിനിമാക്കര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ
കഴിയില്ല.എന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അവകാശപ്പെടുന്ന പോലെ അദ്ദേഹം മികച്ച സിനിമയാണോ ഉണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിനു അല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
   സന്തോഷ്‌ പണ്ഡിറ്റിന്റെ രംഗ പ്രവേശനത്തിന്റെ യഥാര്‍ത്ഥ പ്രസക്തി മറ്റു ചില കാര്യങ്ങളിലാണ് എന്ന് എനിക്ക് തോന്നുന്നു. സിനിമ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത അദ്ദേഹം ഒരു സിനിമ എടുക്കാന്‍ കാണിച്ച ആത്മ വിശ്വാസം ശ്ലാഘനീയം. കഴിവുള്ള എത്രയോ പേര്‍ ആത്മ വിശ്വാസത്തിന്റെയോ തോലിക്കട്ടിയുടെയോ

കുറവ് കാരണം പരാജയപ്പെട്ടതും തകര്‍ന്നതുമായ കഥകള്‍ എത്ര കേട്ടിരിക്കുന്നു!. കീറാമുട്ടികളെ സമചിത്തത കൊണ്ടും ലാളിത്യം കൊണ്ടും നേരിടാന്‍ പറ്റാത്തത് ഈ തകര്ച്ചകള്‍ക്ക് പിറകിലുള്ള ഒരു കാരണമായി തോന്നുകയാണ്‌. അദ്ദേഹത്തിന്റെ ഇത്തരം കഴിവുകളാണ് സിനിമയെക്കാള്‍ എടുത്തു കാണുന്നത്. ആ തരത്തിലുള്ള കഴിവുകള്‍ അദ്ദേഹത്തിന് ശരിക്കും

മുതല്‍ക്കൂട്ട് തന്നെയാണ്. കമ്പോള വത്കരണത്തിന്റെയും കുത്തകകളുടെയും ഈ കാലത്ത് കലാ പരമായി വളരെ മികച്ചത് എന്ന ഒരു ആമുഖം ഇല്ലാതെ തന്റെ പരിമിതികളില്‍ നിന്ന് കൊണ്ടു അദ്ദേഹത്തിന് ശ്രദ്ധ നേടാനായി. പരസ്യ വ്യവസായത്തിന്റെ കാര്യമെടുത്താല്‍ അത് നില നില്‍ക്കുന്നത് തന്നെ ഇത്തരം കഴിവുകളുടെ ബലത്തിലാണ് എന്ന് കാണാം. ശ്രധ്ധിക്കപ്പെടാന്‍

അവര്‍ക്ക് വന്‍ മുടക്ക് മുതല്‍ ആവശ്യമായി വരുന്നു. അതെ പോലെ, മാധ്യമ പടയുടെയും സിനിമ പ്രതിനിധികളുടെയും മുന്നില്‍ മുട്ട് മടക്കാതെ ഏകനായി സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇവിടെ അദ്ദേഹം ഒരിക്കലും സ്വന്തം പരിമിതികള്‍ ജാള്യത്താല്‍ മറച്ചു വെക്കുന്നത് കണ്ടില്ല. എന്നാല്‍ ഈ കഴിവുകള്‍ തന്നെയും എത്ര കാലം അദ്ദേഹത്തിനു നില

നിര്‍ത്താന്‍ കഴിയുമെന്നത് കാലവും അദ്ദേഹവും തെളിയിക്കേണ്ടിയിരിക്കുന്നു.
   സിനിമ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സ്വാഭാവികമായി ഒരു പുതു മുഖം സിനിമ പിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഒട്ടനവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തതിനു പുറമേ അദ്ദേഹം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിബന്ധം മലയാളി സമൂഹത്തിലെ വലിയ ഒരു ഭാഗം അദ്ദേഹത്തോട് കാണിച്ച കടുത്ത എതിര്‍പ്പ് ആയിരുന്നു. ചുരുക്കം ചിലര്‍ അദ്ദേഹത്തോട് അസൂയ, അസഹിഷ്ണുത, സ്വഭാവ ഹത്ത്യ തുടങ്ങിയവ ചെയ്തു എന്നും അദ്ധേഹത്തിന്റെ ഒരു മുഖാമുഖത്തില്‍ കണ്ടതായോര്‍ക്കുന്നു. സമൂഹം വിഡ്ഢികളല്ല, സിനിമയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന പലതും കിട്ടാതാവുമ്പോള്‍ സമൂഹം പ്രതികരിക്കുന്നു. അത് ഒരു വ്യക്തിക്കും തള്ളിക്കളയാന്‍ പറ്റില്ല.സമൂഹത്തിന്റെ പ്രതികരണം അളന്നു തൂക്കി വിലയിരുത്താന്‍ കാലാ കാലങ്ങളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് പോലും കൃത്ത്യമായി സാധിക്കാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ സമൂഹം സൂക്ഷ്മമായോ സ്ഥൂലമായോ വിലയിരുത്തി എന്ന് വേണം അനുമാനിക്കാന്‍. പല എതിര്‍പ്പുകള്‍ അദ്ദേഹം നേരിടേണ്ടി വന്നുവെങ്കിലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ ആകെത്തുക പ്രതീക്ഷിക്കാത്ത വണ്ണമുള്ള ഒരു പ്രോത്സാഹനം ആയിരുന്നു എന്നാണ് നമ്മള്‍ കണ്ടത്. 
  കലാമൂല്യം വച്ചളന്നു നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സിനിമ വലിയ സ്ഥാനമൊന്നും അര്‍ഹിക്കുന്നില്ല. കലാ മൂല്യത്തിന്റെ അളവുകോല്‍ ആപേക്ഷികമാണ്. ഇവിടെ ഒരിക്കലും ഒരു വിധി കര്ത്താവാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ആ ഒരു നിലയിലുള്ള അറിവോ പാടവമോ ഇല്ല താനും. എന്നാല്‍ ഈ ഒരു പ്രതിഭാസത്തോടുള്ള പ്രതികരണം പ്രകടിപ്പിക്കാന്‍

ആഗ്രഹിക്കുന്നു. മേല്‍ പറഞ്ഞത് പോലെ സമൂഹത്തില്‍ നിന്ന് പ്രോത്സാഹനപരമായ ഒരു സമീപനമുണ്ടായി എന്നത് കൊണ്ടു അദ്ദേഹം ഒരു മികച്ച സിനിമ പ്രവര്‍ത്തകനോ സംവിധായകനോ ആവുന്നില്ല. അതിനു അദ്ദേഹം വീണ്ടും വീണ്ടും കലാമൂല്യമുള്ള നല്ല സിനിമ എടുത്തു വിജയിപ്പിച്ചു കാണിക്കേണ്ടിയിരിക്കുന്നു.
  അദ്ദേഹം ഒരു മാതൃകാ പുരുഷനോ ഒരു നല്ല സിനിമാ സംവിധായകനോ അല്ലായിരിക്കാം. പക്ഷെ  അദ്ദേഹം സമൂഹത്തിന്റെ തണലില്‍ ജീവിതത്തില്‍ ഒരു വളര്‍ച്ചയ്ക്ക് ആത്മാര്‍ഥമായി ശ്രമിച്ച ഒരു വ്യക്തിയാണ്. തെറ്റായ മാര്‍ഗങ്ങള്‍  അവലംബിച്ച്ചതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിജയം ആശയപരമായെങ്കിലും, കഴിവുള്ള പ്രതിഭകളെ തടസ്സങ്ങള്‍ നീക്കി പുറത്ത് വരാന്‍ പ്രേരിപ്പിച്ചേക്കാം. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ നിരാശപ്പെടുത്തുമ്പോള്‍ ന്യായമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക്

പ്രചോദനമായേക്കാം. എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വ്യക്തി ഹത്യ ചെയ്യുന്നതിന് പകരം അര്‍ഹിക്കുന്ന മാന്യതയോടെ ആ പടത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തു തള്ളുകയോ കൊള്ളുകയോ ചെയ്യാമല്ലോ. അതല്ലേ ഒരു ആരോഗ്യമുള്ള സമൂഹത്തിനു അതിലെ വ്യക്തികളോട് ചെയ്യാന്‍ പറ്റുന്ന ഒരു നല്ല കാര്യം?