Pages

Sunday, 4 March 2012

അലസമായ ഒരു അവധി ദിനം

രാവിലെ തന്റെഅലാറം അടിക്കുന്നത് കേട്ട് താഴെ ഉള്ള കുടുംബം എണീറ്റ്‌ കാണണം. 5 വയസ്സ് കാരി ഉമാരയുടെ കളിചിരികളും  ആരോ ചാടുന്നതിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്. അവള്‍ സ്കിപ് ചെയ്യുന്നതിന്റെ ശബ്ദമാണെന്ന് തോന്നുന്നു. ഇടയ്ക്കിടെ 'റാഫീ' എന്നുള്ള ദ്വേഷ്യം കലര്‍ന്ന അവളുടെ വിളിയും കേള്‍ക്കാം. അവളുടെ 13 വയസ്സുകാരന്‍ ചേട്ടന്‍ ആണ് റാഫി. 20 കൊല്ലത്തിലേറെയായി ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളിലായി റെസ്ടോറണ്ട് ബിസിനസ്‌ നടത്തി പോന്ന ബംഗ്ലാദേശി കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണിയാണ് ഉമാര.  അടുത്ത സ്വപ്നത്തിന്റെ ചിറകിലേറി പ്രയാണം ആരംഭിച്ചപ്പോള്‍ ഉമാരയുടെ കളിചിരികള്‍ നേര്‍ത്ത് നേര്‍ത്ത് അകന്നു പോയി.  തലേന്ന് അടിച്ച ജിഞ്ചര്‍ ബിയര്‍  ഏല്‍പ്പിച്ച മന്ദതയും അവധി ദിവസത്തിന്റെ ആലസ്യവും  സ്വപ്ന പ്രയാണത്തിനു ഇന്ധനമേകി. തലേന്ന് രാത്രി പബ്ബുകളും ബാറുകളും നിറഞ്ഞ ബ്രൈറ്റണ്‍ നഗര വീഥികളിലൂടെ കറങ്ങി തിരിഞ്ഞതിന്റെ ക്ഷീണമുണ്ട്.
    തെരുവ് വിളക്കുകളും റെസ്ടോറണ്ടുകളുടെയും പബ്ബുകളുടെയും അലങ്കാര വിളക്കുകളും തെരുവിലെ ഇരുട്ടിനെ ഒട്ടൊന്നു മയപ്പെടുത്തിയിട്ടുണ്ട്. പണ്ടു മുതലേ വിളക്കുകള്‍ തെളിയുന്ന വൈകുന്നേരങ്ങള്‍ ചിലപ്പോഴൊക്കെ തന്നെ ഭാവനയുടെ ചക്രവാളങ്ങള്‍ വരെ എത്തിക്കാറുണ്ട്. നീനേച്ചിയും അമ്മു മൂത്തമ്മയും മദ്രാസ്സിലേക്ക് തിരിച്ചു പോയൊരു വൈകുന്നേരം അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ എ. എ .ട്രാവെല്‍സ് ബസിനുള്ളിലെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നത് കണ്ടപ്പോഴാണെന്നു തോന്നുന്നു ആദ്യമായി ഇങ്ങനെയൊരു 'ആമ്പിയന്‍സ്' തന്നെ ആകര്‍ഷിച്ചത്.  മൂന്നോ നാലോ വയസ്സുള്ള അന്ന് അവരുടെ കൂടെ ഇത്തിരി ദൂരമെങ്കിലും ആ ബസില്‍ യാത്ര ചെയ്യണമെന്നു കൊതിച്ചു പോയി. "അപ്പു കുട്ടാ..  റ്റാറ്റാ" എന്നു പറഞ്ഞു അവര്‍ മറയുമ്പോള്‍ അവരുടെ സഹ യാത്രികരോട് പോലും എന്തിനോ അസൂയ തോന്നി.  
    സമര്‍ത്ഥവും ചടുലവുമായ  ഭാവ ഹാവാദികളും സംസാരങ്ങളും കൈ മുതലായ യുവതീ യുവാക്കള്‍,കൈയില്‍ വൈനും കോക്ക്ടെയിലുമായി യൌവനത്തിന്റെ ആഘോഷം. ഒരു പബ്ബിന്റെ മുന്നില്‍ ബൌണ്‍സേര്‍സ് എന്നു വിളിക്കുന്ന കാവല്ക്കാരുമായി തര്‍ക്കിച്ചു നില്‍ക്കുന്ന നാല് യുവാക്കള്‍. അരണ്ട വെളിച്ചമുള്ള ഇടുങ്ങിയ ഇട വഴികളും മദ്യപരുടെ ഇടയ്ക്കിടെയുള്ള ആക്രോശങ്ങളും അല്‍പ വസ്ത്ര ധാരികളായ യുവതികളെ തെല്ലും ഭയപ്പെടുത്തുന്നില്ല. ഒരു ഗിറ്റാര്‍ വായിച്ചുകൊണ്ട്  ഉറക്കെ പാട്ട് പാടുന്ന മിടുക്കിയായ ഒരു സര്‍വകലാശാലാ വിദ്യാര്‍ഥിനി. ഫിലിപ്പീന്‍സ്കാരികളോ കൊറിയക്കാരികളോ ആയ മൂന്ന് യുവതികള്‍ നമ്മളെ കടന്നു പോയപ്പോള്‍ ഒരുവളുടെ ആത്മവിശ്വാസം കൃത്രിമമായി സൃഷ്ടിച്ച ഒരു തൊണ്ട ശരിയാക്കല്‍ ശബ്ദമായി പുറത്ത് വന്നു. അത് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ മലയാളികളായ നമ്മള്‍ മൂന്നു പേരും ഒരേ സമയം തൊണ്ട ശരിയാക്കി. ഏതെങ്കിലും ഒരു പബ്ബില്‍ കയറി കുറച്ചു വൈനോ ബിയറോ കഴിച്ചാല്‍ കൊള്ളാമെന്നു തോന്നി. കൂടെയുള്ള ഒരാളുടെ ബാഗില്‍ ഈയിടെ വാങ്ങിയ ഒരു കാമെറ ഉണ്ടായിരുന്നത് പദ്ധതി തകര്‍ത്തു. അത് കൌണ്ടറില്‍ വെച്ചു വേണം പബ്ബില്‍ കേറാന്‍. അടുത്തുള്ള ഒരു ബാറില്‍ കയറി നോക്കി. അവിടെ ഇരിക്കാന്‍ സ്ഥലം വളരെ കുറവാണ്. കൌണ്ടറില്‍  ഇരുന്നു കഴിക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. ഇനിയേതായാലും റൂമില്‍ പോയി ഭക്ഷണം കഴിച്ചു കിടന്നുറങ്ങാം എന്നു തീരുമാനിച്ചു. 'ഓഫ്‌ ലൈസെന്‍സ്' എന്ന പേരില്‍ മദ്യവും പലവക സാധനങ്ങളും കിട്ടുന്ന ധാരാളം കടകള്‍ ഇവിടെ ഉണ്ട്. അങ്ങനെ ഒരു കട കണ്ടപ്പോള്‍ അവിടെ കയറി ഒരു ജിഞ്ചര്‍ ബിയറും ഒരു കോക്ക്ടെയിലും ഒരു ബിയറും മൂന്നുപേരും കൂടി വാങ്ങി. തിരിച്ചു റൂമിലെത്തി, പാകം ചെയ്തു വച്ചിരുന്ന ഭക്ഷണം ചൂടാക്കി കഴിച്ചു മദ്യപിക്കുക എന്ന ലക്ഷ്യവുമായി ഏറ്റവും മുകളിലത്തെ നിലയിലുള്ള നമ്മുടെ മുറികളിലേക്ക് കയറി.

Sunday, 19 February 2012

തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ദിവസം.


അപ്പുവിനു 3 വയസ്സായപ്പോഴാണ്‌ അച്ചാച്ചന്‍ അവനെ നരച്ച രോമങ്ങള്‍ നിറഞ്ഞ മാറിലേക്ക്‌ ചേര്‍ത്തിരുത്തി ഇങ്ങനെ മന്ത്രിച്ചത്.
"മോന്വോ!! ആതിര. "
"ആരാ അച്ചാച്ചാ? "
"ശോഭയുടെ കുട്ടി. വാവ. ആതിര. ബഹറിനിലാണ്. "
ആതിര. അതെങ്ങനെയിരിക്കും? എന്തോ. വാവ... വാവേ.
"അച്ചാച്ചാ വാവ എപ്പോഴാ വര്വാ?"
"ഓള് വരും. ശോഭയുടെയും വല്‍സന്റെയും കൂടെ വരും. പ്ലയിനില്."
"അച്ചാച്ചാ പ്ലയിന്‍ ചെറുതല്ലേ? അതിലെങ്ങനെയാ വര്വാ? താഴെ വീഴൂലെ?"
"അവര് വരുമ്പോ നമ്മക്ക് പോണം. വിമാനത്താവളത്തില്‍. അപ്പൊ പ്ലയിന്‍ കാണാം."
"മോന്വോ ഉറക്കം വരുന്നെങ്കില്‍ അകത്തു പോയി കിടന്നോ. "
എന്നാല്‍ അവനു അച്ചാച്ചന്റെ വര്‍ത്തമാനം കേട്ട് കിടക്കണം. തല മെല്ലെ ചെരിച്ചു അച്ചാച്ചന്റെ ചുറ്റിപ്പിടിച്ച കൈ ഇത്തിരി വിടുവിച്ചു കൈകള്‍ക്കിടയിലേക്ക്നൂണ്ടു വെള്ള മുണ്ടുടുത്ത മടിയില്‍ കിടക്കുവാന്‍ തുടങ്ങുമ്പോള്‍
"മോന്വോ മെഴുക്കാകും, തുണിയില്..."
അച്ഛച്ചനും അമ്മമ്മയും ചില ആന്റിമാരും ആപ്പന്മാരും മുണ്ടിനു തുണി എന്നാണ് പറയുന്നത്.
അച്ചനും അമ്മയും മുണ്ട് എന്നേ പറയാറുള്ളൂ.
"വൈശ്യരേ!! മോനെന്താ പറയുന്നത്? ഞാന്‍ ഇങ്ങനെ കേട്ടോണ്ട്‌ വരുവായിരുന്നു. മണിയെത്രയായി?  ബാങ്ക് വിളിച്ചോ?"
വൈദ്യരായി കുറച്ചു കാലം ജോലി നോക്കിയിരുന്ന അച്ചാച്ചന്‍ പലര്‍ക്കും 'വൈശ്യര്‍' ആണ്. കുറച്ചു ദൂരെയുള്ള പള്ളിയിലെ
ബാങ്ക് വിളികേട്ടും സൂര്യ പ്രകാശം എത്ര ദൂരം കോലായിലേക്ക് കേറി എന്നും നോക്കി സമയം കണക്കാക്കാന്‍ കഴിഞ്ഞിരുന്ന
ഒരു തലമുറ. വൈകുന്നേരം നാല് മണിയൊക്കെ ആവുമ്പോ "നേരം കോലായില്‍ കേറി" എന്നാണ് പറയുക.
"നാണീ!! കാടി വെള്ളം അപ്പുറത്തുണ്ട്. നിന്റെ കണ്ണട മാറ്റാന്‍ പോയിട്ട് മാറ്റിക്കിട്ടിയോ?"
"ഇല്ല കൃഷ്ണാട്ടാ. ഡോക്ടര്‍ കണ്ണിലോഴിക്കാന്‍ ഒരു മരുന്ന് തന്നു. അടുത്തയാഴ്ച ഒന്നും കൂടി പോവാന്‍ പറഞ്ഞു"
അപ്പു അടുക്കളയിലേക്കോടി. ചില സംശയങ്ങള്‍ അമ്മമ്മയോടു തന്നെ ചോദിക്കണം.
"അമ്മമ്മേ അച്ചാച്ചന്റെ പേര് കൃഷ്ണാട്ടന്‍ എന്നാണോ? നാണിഏടത്തി അങ്ങനെ വിളിച്ചല്ലോ."
"ഉം. അപ്പുറത്തെങ്ങാന്‍ പോയി കളിച്ച്ചാട്ടെ"
എന്നാ പിന്നെ ഞാനിപ്പോ കാണിച്ചു തരാം. ഉച്ചയ്ക്ക് ചോറ് തിന്നാന്‍ വിളിച്ചാല്‍ ഞാന്‍ വരില്ല.
വടക്ക്വോറത്ത് മുറ്റത്ത് പൂച്ച ഇരിക്കുന്നു. ഇന്ന് അതിനെ ഞാന്‍ പിടിക്കും. എന്നിട്ട് വേണം അവന്റെ പേടി മാറ്റാന്‍. അവന്‍ എന്നേ കാണുമ്പോ ഓടിക്കളയും. പതുങ്ങി തൊട്ടടുത്തോളം എത്തിയതാണ്. അവന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും. ഒരൊറ്റ ഓട്ടം. പിന്നാലെ ഓടി. അവന്‍ ആ പിലാവിന്റെ അരികിലൂടെ കോട്ടയിലേക്ക് ഓടി. അവിടെ അവന്റെ മറ്റൊരു താവളമാണ്. അയലത്തെ കുമാരേട്ടന്റെ വീടിനെ എല്ലാരും കോട്ട എന്നാണ് പറയുന്നത്. ചെത്ത്കാരന്‍ പ്രസാദേട്ടനും അജിയേച്ചിയും വനജേച്ചിയും പ്രീതേച്ചിയും ഒക്കെ അവിടെയാണ്. ഒരു കല്ലെടുത്ത് എറിഞ്ഞു. കൊണ്ടില്ല. അല്ലേലും ആവശ്യം വരുമ്പോ അങ്ങനെയാ. എന്നാലും കഴിഞ്ഞ ആഴ്ച്ച ഏട്ടന്റെ നേരെ എറിഞ്ഞ കല്ല് കൃത്യം തലയ്ക്കു തന്നെ കൊണ്ടു. പിന്നെന്തൊരു പുകിലായിരുന്നു. ഇനി എന്താ ചെയ്യുക. പൂച്ചയും പോയി. അച്ചാച്ചനും തന്നെ തേടി ഇറങ്ങിയിട്ടുണ്ട്.
"മോന്വെ ആ തെങ്ങിന്റെ ചോട്ടീന്ന് മാറി നില്‍ക്ക്. തേങ്ങ വീഴും".
വലിയ പറമ്പിന്റെ അറ്റത്തുള്ള ഇട വഴിയിലൂടെ ഒരു കാര്‍ പോയി. ഞാന്‍ വെലുതാവുമ്പോ പോലീസ് കാരനാവും. പോലീസ്നു ജീപ്പ് ഉണ്ടല്ലോ. കാറിനേക്കാള്‍ നല്ലത് ജീപ്പ് ആണ്.
 "അപ്പൂട്ടി!! വാ മോനെ നമ്മക്ക് ചോറ് തിന്നാലോ" അമ്മമ്മ വിളിക്കുകയാണ്‌. ആ വിളിയും മട്ടുമൊക്കെ കണ്ടപ്പോ നേരത്തത്തെ വാശി മറന്നേ പോയി. നല്ല മീന്‍ കറി ഉണ്ടാവും.
"എന്താ അമ്മമ്മേ കറി?"
"മീനുണ്ട്.  വറവ് ഉണ്ടാക്കിയിട്ടുണ്ട്.പപ്പടം വേണെങ്കില്‍ തരാം. വെയിലത്ത് കളിച്ചു കരുവാളിച്ച് പോയി. ഇനി വെയില് താണിട്ടു കളിക്കനിറങ്ങിയാ മതി. കുറച്ചു സമയം അനങ്ങാണ്ട് ഇരുന്നാട്ടെ."
"അച്ചനും അമ്മയും എപ്പോഴാ വര്വാ അമ്മമ്മേ?"
"സ്കൂള്‍ വിട്ടിട്ടു വരും. പഠിപ്പിക്കാന്‍ പോയതല്ലേ!! മോന്‍ കുളിയൊക്കെ കഴിഞ്ഞു ആ കോണിയുടെ അടുത്ത് പോയിരുന്നോ.തേനാങ്കുളത്തിന്റെ അരികിലൂടെ അമ്മ വരുന്നത് കാണാം."
കല്ല് കൊണ്ടു കെട്ടിയുണ്ടാക്കിയ കോണിയാണ് ആ വലിയ പറമ്പിന്റെ ഒരു അതിര്. താഴെയിറങ്ങരുത് എന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ചിലപ്പോ നാണിഏടത്തി വിളിക്കുമ്പോ പോവാറുണ്ട്. താഴെയുള്ള പൂഴി മണല്‍ വെളുത്ത പഞ്ചാര പോലെ പൊടിഞ്ഞതാണ്. വയലും കുളവും ഒക്കെയായി, കോണിയുടെ താഴെ തനിക്കു മറ്റൊരു ലോകമാണ്. അമ്മയാണ് ആദ്യം വരുക. അമ്മയെ കണ്ടാല്‍ വലിയ സന്തോഷമാണ്. ഓടിപ്പോയി കെട്ടിപ്പിടിച്ചു കൂട്ടിക്കൊണ്ടു വരുമ്പോ അമ്മയ്ക്കും വലിയ സന്തോഷമാണ്. പിന്നെ അച്ചന്‍ വരുമ്പോഴാണ് അടുത്ത സന്തോഷം. പിന്നെ സമയം പോകുന്നതൊന്നും അറിയില്ല. അമ്മമ്മ പറയാറുണ്ട് അച്ചനും അമ്മയും വന്നാല്‍ പിന്നെ നമ്മളെ
വേണ്ട അല്ലേ എന്ന്. കുളിച്ചു കുപ്പായമൊക്കെ മാറി  തേനാങ്കുളവും നോക്കിയിരിപ്പായി അമ്മ വരുന്നതും കാത്ത്.

Sunday, 12 February 2012

സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രസക്തി
   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തി മലയാള സിനിമയിലും സമൂഹത്തിലും ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അത് നിഷേധിക്കാന്‍ കൊടി കെട്ടിയ സിനിമാക്കര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ
കഴിയില്ല.എന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അവകാശപ്പെടുന്ന പോലെ അദ്ദേഹം മികച്ച സിനിമയാണോ ഉണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിനു അല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
   സന്തോഷ്‌ പണ്ഡിറ്റിന്റെ രംഗ പ്രവേശനത്തിന്റെ യഥാര്‍ത്ഥ പ്രസക്തി മറ്റു ചില കാര്യങ്ങളിലാണ് എന്ന് എനിക്ക് തോന്നുന്നു. സിനിമ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത അദ്ദേഹം ഒരു സിനിമ എടുക്കാന്‍ കാണിച്ച ആത്മ വിശ്വാസം ശ്ലാഘനീയം. കഴിവുള്ള എത്രയോ പേര്‍ ആത്മ വിശ്വാസത്തിന്റെയോ തോലിക്കട്ടിയുടെയോ

കുറവ് കാരണം പരാജയപ്പെട്ടതും തകര്‍ന്നതുമായ കഥകള്‍ എത്ര കേട്ടിരിക്കുന്നു!. കീറാമുട്ടികളെ സമചിത്തത കൊണ്ടും ലാളിത്യം കൊണ്ടും നേരിടാന്‍ പറ്റാത്തത് ഈ തകര്ച്ചകള്‍ക്ക് പിറകിലുള്ള ഒരു കാരണമായി തോന്നുകയാണ്‌. അദ്ദേഹത്തിന്റെ ഇത്തരം കഴിവുകളാണ് സിനിമയെക്കാള്‍ എടുത്തു കാണുന്നത്. ആ തരത്തിലുള്ള കഴിവുകള്‍ അദ്ദേഹത്തിന് ശരിക്കും

മുതല്‍ക്കൂട്ട് തന്നെയാണ്. കമ്പോള വത്കരണത്തിന്റെയും കുത്തകകളുടെയും ഈ കാലത്ത് കലാ പരമായി വളരെ മികച്ചത് എന്ന ഒരു ആമുഖം ഇല്ലാതെ തന്റെ പരിമിതികളില്‍ നിന്ന് കൊണ്ടു അദ്ദേഹത്തിന് ശ്രദ്ധ നേടാനായി. പരസ്യ വ്യവസായത്തിന്റെ കാര്യമെടുത്താല്‍ അത് നില നില്‍ക്കുന്നത് തന്നെ ഇത്തരം കഴിവുകളുടെ ബലത്തിലാണ് എന്ന് കാണാം. ശ്രധ്ധിക്കപ്പെടാന്‍

അവര്‍ക്ക് വന്‍ മുടക്ക് മുതല്‍ ആവശ്യമായി വരുന്നു. അതെ പോലെ, മാധ്യമ പടയുടെയും സിനിമ പ്രതിനിധികളുടെയും മുന്നില്‍ മുട്ട് മടക്കാതെ ഏകനായി സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇവിടെ അദ്ദേഹം ഒരിക്കലും സ്വന്തം പരിമിതികള്‍ ജാള്യത്താല്‍ മറച്ചു വെക്കുന്നത് കണ്ടില്ല. എന്നാല്‍ ഈ കഴിവുകള്‍ തന്നെയും എത്ര കാലം അദ്ദേഹത്തിനു നില

നിര്‍ത്താന്‍ കഴിയുമെന്നത് കാലവും അദ്ദേഹവും തെളിയിക്കേണ്ടിയിരിക്കുന്നു.
   സിനിമ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സ്വാഭാവികമായി ഒരു പുതു മുഖം സിനിമ പിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഒട്ടനവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തതിനു പുറമേ അദ്ദേഹം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിബന്ധം മലയാളി സമൂഹത്തിലെ വലിയ ഒരു ഭാഗം അദ്ദേഹത്തോട് കാണിച്ച കടുത്ത എതിര്‍പ്പ് ആയിരുന്നു. ചുരുക്കം ചിലര്‍ അദ്ദേഹത്തോട് അസൂയ, അസഹിഷ്ണുത, സ്വഭാവ ഹത്ത്യ തുടങ്ങിയവ ചെയ്തു എന്നും അദ്ധേഹത്തിന്റെ ഒരു മുഖാമുഖത്തില്‍ കണ്ടതായോര്‍ക്കുന്നു. സമൂഹം വിഡ്ഢികളല്ല, സിനിമയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന പലതും കിട്ടാതാവുമ്പോള്‍ സമൂഹം പ്രതികരിക്കുന്നു. അത് ഒരു വ്യക്തിക്കും തള്ളിക്കളയാന്‍ പറ്റില്ല.സമൂഹത്തിന്റെ പ്രതികരണം അളന്നു തൂക്കി വിലയിരുത്താന്‍ കാലാ കാലങ്ങളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് പോലും കൃത്ത്യമായി സാധിക്കാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ സമൂഹം സൂക്ഷ്മമായോ സ്ഥൂലമായോ വിലയിരുത്തി എന്ന് വേണം അനുമാനിക്കാന്‍. പല എതിര്‍പ്പുകള്‍ അദ്ദേഹം നേരിടേണ്ടി വന്നുവെങ്കിലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ ആകെത്തുക പ്രതീക്ഷിക്കാത്ത വണ്ണമുള്ള ഒരു പ്രോത്സാഹനം ആയിരുന്നു എന്നാണ് നമ്മള്‍ കണ്ടത്. 
  കലാമൂല്യം വച്ചളന്നു നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സിനിമ വലിയ സ്ഥാനമൊന്നും അര്‍ഹിക്കുന്നില്ല. കലാ മൂല്യത്തിന്റെ അളവുകോല്‍ ആപേക്ഷികമാണ്. ഇവിടെ ഒരിക്കലും ഒരു വിധി കര്ത്താവാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ആ ഒരു നിലയിലുള്ള അറിവോ പാടവമോ ഇല്ല താനും. എന്നാല്‍ ഈ ഒരു പ്രതിഭാസത്തോടുള്ള പ്രതികരണം പ്രകടിപ്പിക്കാന്‍

ആഗ്രഹിക്കുന്നു. മേല്‍ പറഞ്ഞത് പോലെ സമൂഹത്തില്‍ നിന്ന് പ്രോത്സാഹനപരമായ ഒരു സമീപനമുണ്ടായി എന്നത് കൊണ്ടു അദ്ദേഹം ഒരു മികച്ച സിനിമ പ്രവര്‍ത്തകനോ സംവിധായകനോ ആവുന്നില്ല. അതിനു അദ്ദേഹം വീണ്ടും വീണ്ടും കലാമൂല്യമുള്ള നല്ല സിനിമ എടുത്തു വിജയിപ്പിച്ചു കാണിക്കേണ്ടിയിരിക്കുന്നു.
  അദ്ദേഹം ഒരു മാതൃകാ പുരുഷനോ ഒരു നല്ല സിനിമാ സംവിധായകനോ അല്ലായിരിക്കാം. പക്ഷെ  അദ്ദേഹം സമൂഹത്തിന്റെ തണലില്‍ ജീവിതത്തില്‍ ഒരു വളര്‍ച്ചയ്ക്ക് ആത്മാര്‍ഥമായി ശ്രമിച്ച ഒരു വ്യക്തിയാണ്. തെറ്റായ മാര്‍ഗങ്ങള്‍  അവലംബിച്ച്ചതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിജയം ആശയപരമായെങ്കിലും, കഴിവുള്ള പ്രതിഭകളെ തടസ്സങ്ങള്‍ നീക്കി പുറത്ത് വരാന്‍ പ്രേരിപ്പിച്ചേക്കാം. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ നിരാശപ്പെടുത്തുമ്പോള്‍ ന്യായമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക്

പ്രചോദനമായേക്കാം. എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വ്യക്തി ഹത്യ ചെയ്യുന്നതിന് പകരം അര്‍ഹിക്കുന്ന മാന്യതയോടെ ആ പടത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തു തള്ളുകയോ കൊള്ളുകയോ ചെയ്യാമല്ലോ. അതല്ലേ ഒരു ആരോഗ്യമുള്ള സമൂഹത്തിനു അതിലെ വ്യക്തികളോട് ചെയ്യാന്‍ പറ്റുന്ന ഒരു നല്ല കാര്യം?

Monday, 16 January 2012

ഒരു ശബരിമല യാത്ര

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മകര വിലക്കിന് മുമ്പായി ഞാന്‍ ശബരി മലയില്‍ പോയിട്ടുണ്ട്. വന്‍ തിരക്കായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ തവണ പോയപ്പോള്‍ ഞാനും അനിയനും കൂടി തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ വച്ച് കെട്ട് നിറച്ചു ബസ്‌ കയറി പോവുകയായിരുന്നു. പമ്പയില്‍ കുളിച്ചു മല കയറാന്‍ തുടങ്ങുമ്പോള്‍ രാത്രി 7 30 ആയിട്ടുണ്ട്‌. ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ പല പല ശ്രദ്ധേയ സംഭവങ്ങള്‍.ഗ്യാസ് സിലിണ്ടറും തലയിലേറ്റി ഒറ്റയ്ക്ക് അതിവേഗം മല കയറുന്ന ചിലര്‍. ഡോളി എന്ന് വിളിക്കുന്ന മഞ്ചത്തില്‍ ആളുകളെ ചുമക്കുന്നവര്‍. അങ്ങോട്ടും ഇങ്ങോട്ടും ചവിട്ടിപ്പോയാലോ തിരക്ക് കാരണം മുന്നിലുള്ള ആളുടെ മേലേക്ക് ഒന്ന് വീഴുക തന്നെ ചെയ്താലോ ഒളിപ്പിച്ചു വച്ച നീരസമോ, മൂക്കതുള്ള ശുന്റ്ടിയോ ഇല്ലാതെ സ്വാമീ എന്ന് ഉറക്കെയുള്ള ഒരു വിളിയിലൂടെ മാത്രം മനുഷ്യ സഹജമായ പ്രതികരണം നടത്തുന്ന ചിലര്‍.
ബാരിക്കേഡുകള്‍ കെട്ടിയാണ് മലമുകളില്‍ തിരക്ക് നിയന്ത്രിക്കുന്നത്‌. ശബരിമലയില്‍ ഡ്യൂട്ടി ഉള്ള പോലീസുകാരെ  പോലീസു അയ്യപ്പന്മാര്‍ എന്നും വിളിച്ചു പോരുന്നു. എന്നാലും തിരക്കുള്ള സമയത്ത് അവരുടെ ക്ഷമയുടെ നെല്ലിപ്പടി കാണാം. എങ്കിലും അവരുടെ സേവനം വളരെ ശ്രദ്ധേയവും അത്യന്താപെക്ഷിതവും ആണ്. ബരിക്കേട്‌ കെട്ടിയ സ്ഥലം മുതല്‍ പലയിടത്തും ചെളിയിലും മറ്റും ചവിട്ടി നിന്നും അരിച്ചു അരിച്ചു നീങ്ങി അവസാനം നടപ്പന്തളിലെക്കെതുമ്പോള്‍ പിറ്റേന്ന് കാലത്ത് 7 മണി. പതിനെട്ടാം പടി കയറി പിന്നീട് കുളിയും നെയ്യഭിഷേകവും ഒക്കെ കഴിഞ്ഞു അരവണയും മറ്റും വാങ്ങി കുറച്ചു ഭക്ഷണവും കഴിച്ചു മലയിറങ്ങി.
പമ്പയില്‍ വര്മ്പോഴുള്ളത്തിലും കൂടുതലായിരിക്കുന്നു തിരക്ക്. ഒരു ഘട്ടത്തില്‍ ചിലര്‍ മനപൂര്‍വം തള്ളു സൃഷ്ടിക്കുന്നുണ്ടോ എന്ന സംശയം വന്നപ്പോള്‍ ഉറക്കെ ബഹളം വെക്കേണ്ടി വന്നു. ഇത്തരം ഘട്ടത്തില്‍ തള്ളല്‍ തുടങ്ങുന്ന ആളുകള്‍ക്ക് നിയന്ത്രിക്കവുന്നതിലും അപ്പുറമായിരിക്കും അതിന്റെ ഫലം. വീണ്ടും മഴ. കിലോ മീറ്റെരുകളോളം നീളുന്ന വാഹനങ്ങളുടെ നിര നടന്നു കഴിഞ്ഞു, പതനംതിട്ടയ്ക്കുള്ള ബസ്‌ കിട്ടി. ബസില്‍ ഇരുന്നതും ക്ഷീണം കാരണം ഉറങ്ങിപ്പോയി.കുറെ സമയം കഴിഞ്ഞപ്പോള്‍ എങ്ങനെയോ ഉണര്‍ന്നു നോക്കുമ്പോള്‍ ബസ്‌ അധിക ദൂരം നീങ്ങിയിട്ടില്ല. ബ്ലോക്ക്‌ തന്നെ.  
പത്തനംതിട്ട ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ രാത്രി 8 45 . അവിടെ ഒരു രേസ്ടോരണ്ടില്‍ കയറി ഭക്ഷണം കഴിച്ചു. തിരിച്ചു വന്നപ്പോള്‍ തിരുവനന്തപുരതിനുള്ള അവസാനത്തെ ബസ്‌ പോയി. പിന്നെ പമ്പയില്‍ നിന്ന് വല്ല ബസും സമയം തെറ്റി വന്നെങ്കില്‍ ആയി എന്ന് ബസ്‌ സ്റ്റാന്‍ഡില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞു. കാത്തിരുന്ന് ലോക്കല്‍ ബസ്‌ മുഴുവന്‍ സര്‍വീസ് നിര്‍ത്തി. ഇനി ഇപ്പൊ അടൂരോ മറ്റോ പോയി ബസ്‌ മാറിക്കയരുവനുള്ള സാധ്യതയും അടഞ്ഞു. അനിയനെ തലശ്ശേരിയിലേക്ക് അയക്കണം എന്നിട്ട് എനിക്ക് തിരുവനന്തപുരം പോവണം. പിറ്റേന്ന് ഓഫീസില്‍ പോവണം. സമയം 11 കഴിഞ്ഞു. ബസില്‍ ഉറങ്ങമെന്നാണ് എന്റെ പ്രതീക്ഷ.
പിന്നീട് തിരുവനന്തപുറത്തേക്കുള്ള ഒരു ബസ്‌ കിട്ടി. പക്ഷെ ബസ്‌ നിറയെ യാത്രക്കാര്‍.എല്ലാവരും തിരുവനന്തപുരത്തേക്ക്. പമ്പയില്‍ നിന്ന് വരുന്നതാണ്. എന്തായാലും അതില്‍ കയറിക്കൂടി. അത് എം സി റോഡ്‌ വഴി പോകുന്നതകയാല്‍ വഴിയില്‍ ഒരിടതിറങ്ങി(ഓച്ചിര) ആണെന്ന് ഓര്‍ക്കുന്നു. അവിടന്ന് കൊല്ലത്തേക്ക് ഒരു ബസ്‌. അവിടെ എത്തിയപ്പോ തന്നെ ആഗ്രഹം പോലെ ആദ്യം അനിയന് പോകാന്‍ പാകത്തില്‍ ഒരു സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഫാസ്റ്റ്. അതില്‍ അവനെ കയറ്റി,കുറച്ചു കഴിഞ്ഞപ്പോ എനിക്കുള്ള തിരുവനന്തപുരം ബസ്‌. സമാധാനം എന്നത് ഏതൊക്കെ വിധത്തില്‍ ഒരാളെ തേടിയെത്തുന്നു! എങ്ങനെയായാലും അത് ശരിക്കും അനുഭവിക്കനമെങ്ങില്‍ കുറച്ചു കഷ്ടപ്പെട്ട ശേഷമാവുന്നതാണ് നല്ലത്. നല്ലൊരു സീറ്റ്‌ നോക്കിയിരുന്നതും ഉറക്കവും സ്വപ്നങ്ങളും എന്നെ താഴുകിയതും ഏതേതു കാലത്ത് എന്ന് അറിയാനാവാത്ത വിധം ഒരു മയക്കതിലെക്കൂളിയിട്ടു. 

Monday, 26 December 2011

നൊമ്പര മഴ

നോമ്ബരമേഘമേ നിന്‍ ഘന പാളികള്‍ എന്നില്‍ വിതച്ചൊര വിങ്ങല്‍
തീരുമോ മഴയായി നീ പെയ്തു തീര്‍ന്നീടുകില്‍
ചെമ്പൊന്നിന്‍ കിരണങ്ങള്‍ നിനക്കെകിയോരാ ഭംഗിയില്‍ മയങ്ങി നീ
പെയ്യാതെ നീ കിടന്നീടിലെന്‍ ഹൃദയ വനിയിലെ നാമ്പുകള്‍ കരിഞ്ഞിടും

Wednesday, 7 September 2011

Condemn Delhi Terrorist Attack

The cowards have done another of their sadistic enjoyment. They don't realize that
world is progressing and their idiotic ideologies are no more of any value. First try
to see human life and its beauty. Don't destroy it, even if you can not build or enjoy
one yourselves. The human life cannot be destroyed by brutal forces or barbaric
actions. It is the dream, hard work, aspirations, ambitions you are destroying. But, that
spirit which outlive all these and life bloom again. It cannot be wiped out by your
intolerance. History will not forgive you.
The cancer of terrorism should be removed at any cost. No emotional support should
be given to those cowards who doesn't value the life of others. Those selfish motives
are not at all acceptable, whatever name they are doing this. Everybody has got only
one life and some believe they are special just because they have suffered in life. That
is not at all a balanced man's thought. This attitude needs real treatment. People will
come to streets if they don't stop this, themselves

Monday, 29 August 2011

http://www.firstpost.com/blogs/politics-blogs/annas-backroom-boys-did-a-great-job-but-the-frontroom-70813.html